/kalakaumudi/media/media_files/2025/02/27/AJXuj8EUkwy1VLHcYFjF.jpg)
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേള അവസാനിച്ചതിന് പിന്നാലെ ഭക്തര്‍ക്കുള്ള സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിന്റെ മഹായാഗം പൂര്‍ത്തിയായതായി പ്രധാനമന്ത്രി വിശേഷിപ്പിച്ചു. തീര്‍ഥാടന വേളയില്‍ ഭക്തര്‍ക്ക് എന്തെങ്കിലും അസൗകര്യമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുംഭമേളയില്‍ താന്‍ പങ്കെടുത്തതിന്റെ അടക്കം ചിത്രം പങ്കുവെച്ചുകൊണ്ട് എക്സിലൂടെയാണ് പ്രധാനമന്ത്രി ക്ഷമാപണം നടത്തിയിരിക്കുന്നത്.
പ്രയാഗ് രാജിലെ ഐക്യത്തിന്റെ മഹാകുംഭത്തില്‍ 140 കോടി രാജ്യക്കാരുടെ വിശ്വാസം 45 ദിവസം ഒത്തുചേര്‍ന്ന രീതി അതിശയകരമാണ്. മഹാ കുംഭം കഴിഞ്ഞപ്പോള്‍ മനസ്സില്‍ വന്ന ചിന്തകള്‍ എഴുതാന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കിയ മോദി ഇതുമായി ബന്ധപ്പെട്ട തന്റെ ബ്ലോഗ് പങ്കിടുകയും ചെയ്തു.
ഇത്തരമൊരു മഹത്തായ പരിപാടി സംഘടിപ്പിക്കുന്നത് അത്ര എളുപ്പമല്ലെന്ന് സമ്മതിച്ച മോദി ഭക്തരെ സേവിക്കുന്നതില്‍ എന്തെങ്കിലും വീഴ്ചയിട്ടുണ്ടെങ്കില്‍ ജനങ്ങളോട് ക്ഷമ ചോദിക്കുന്നുതായും അറിയിച്ചു.
'ഇത്രയും മഹത്തായ പരിപാടി സംഘടിപ്പിക്കുന്നത് എളുപ്പമായിരുന്നില്ല എന്ന് എനിക്കറിയാം. ഗംഗാ മാതാവിനോടും യമുന മാതാവിനോടും സരസ്വതി മാതാവിനോടും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവത്തിന്റെ മൂര്‍ത്തീഭാവമായി ഞാന്‍ കരുതുന്ന ഭക്തരെ സേവിക്കുന്നതില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍, ഞാന്‍ ജനങ്ങളില്‍ നിന്ന് ക്ഷമ ചോദിക്കുന്നു' പ്രധാനമന്ത്രി മോദി ബ്ലോഗില്‍ കുറിച്ചു.