/kalakaumudi/media/media_files/2025/10/15/pahal-2025-10-15-09-16-08.jpg)
ശ്രീനഗര്‍: ഇന്ത്യയെ നേരെ നിന്ന് ആക്രമിക്കാന്‍ ശേഷിയില്ലാത്തതിനാല്‍, പഹല്‍ഗാം പോലുള്ള മറ്റൊരു ആക്രമണത്തിന് പാക്കിസ്ഥാന്‍ ശ്രമിച്ചേക്കാമെന്ന്, വെസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ മനോജ് കുമാര്‍ കത്യാര്‍. അങ്ങനെയുണ്ടായാല്‍, ഇന്ത്യയുടെ തിരിച്ചടി മാരകമായിരിക്കുമെന്ന് ലെഫ്റ്റനന്റ് ജനറല്‍ പാക്കിസ്ഥാന് മുന്നറിയിപ്പു നല്‍കി.
ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരിലൂടെ പാക്കിസ്ഥാനില്‍ കനത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചതായും, ജമ്മുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 'നമ്മള്‍ അവരുടെ പോസ്റ്റുകളും വ്യോമതാവളങ്ങളും നശിപ്പിച്ചിട്ടുണ്ട്. വീണ്ടും അവരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും ശ്രമം ഉണ്ടായേക്കാമെന്ന മുന്‍കരുതലിന്റെ ഭാഗമായി നമ്മള്‍ സജ്ജരായിരിക്കണം,' അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ ഇന്ത്യയുടെ പ്രതികരണം കൂടുതല്‍ മാരകമായിരിക്കുമെന്നും അതില്‍ സംശയം വേണ്ടെന്നും ലെഫ്റ്റനന്റ് ജനറല്‍ പറഞ്ഞു. ഇത്തവണത്തെ നടപടി മുന്‍കാലങ്ങളെക്കാള്‍ മാരകമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക്കിസ്ഥാന് നിയന്ത്രണ രേഖയില്‍ നൂറിലധികം സൈനികരെ നഷ്ടപ്പെട്ടെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘയ് വെളിപ്പെടുത്തിയിരുന്നു. പാക് സ്വാതന്ത്ര്യദിനത്തില്‍ അവര്‍ നല്‍കിയ മരണാനന്തര ബഹുമതികളുടെ എണ്ണം നൂറില്‍ക്കൂടുതലാണെന്നും അതില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും, ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയില്‍ അംഗങ്ങളായ 34 രാജ്യങ്ങളുടെ സേനാമേധാവിമാരുടെ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.