ന്യൂഡല്‍ഹി: ഒരാളെ പാകിസ്താനി എന്നും മിയാന്‍-ടിയാന്‍(സാറേ-യുവാവേ) എന്നും വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കാണാനാവില്ലെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പാകിസ്താനി എന്നുവിളിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് ബിവി നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.
ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉറുദു വിവര്‍ത്തകനുമായ വ്യക്തിയാണ് പരാതി നല്‍കിയത്. വിവരാവകാശ നിയമമനുസരിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ചെന്നപ്പോള്‍ പ്രതി തന്നെ തന്റെ മതം പരാമര്‍ശിച്ച് അധിക്ഷേപിച്ചെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം ബലംപ്രയോഗിച്ച് തടസപ്പെടുത്തിയെന്നും ആരോപിച്ചാണ് കേസ്.
സെക്ഷന്‍ 298, 504 353 എന്നിവ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇതില്‍ പരാതിക്കാരന് അനുകൂലമായ ഝാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവിനെതിരെ പ്രതി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. പ്രതിക്കനുകൂലമായാണ് സുപ്രീം കോടതി വിധി.
പാകിസ്താനി എന്നും മിയാന്‍-ടിയാന്‍ എന്നും വിളിക്കുന്നത് മോശമാണെന്നതില്‍ സംശയമില്ല. എന്നാല്‍, അത് മതവികാരം വ്രണപ്പെടുത്തുന്നതല്ല. ബെഞ്ച് പറഞ്ഞു. സമാധാനം തകര്‍ക്കുന്ന തെറ്റു പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സെക്ഷന്‍ 353 അനുസരിച്ച് ബലപ്രയോഗം നടത്തിയതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.