സിം കാര്‍ഡ് ഉപയോഗിച്ച് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമം; നേപ്പാള്‍ സ്വദേശി അറസ്റ്റില്‍

വാട്സ് ആപ്പ് വഴിയാണ് പാക് ചാരസംഘടന സൈനികരുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. വരും ദിവസങ്ങളില്‍ ഈ സൈനിക ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് കേന്ദ്ര ഇന്റെലിജന്‍സ് ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു.

author-image
Biju
New Update
sim

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചെന്ന സ്ഥീരികരിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. നേപ്പാള്‍ പൗരന്‍ കടത്തികൊണ്ടുവന്ന സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ജമ്മു കശ്മീര്‍, മഥുര എന്നിവടങ്ങളില്‍ വിന്യസിച്ചിരുന്ന സൈനികരുമായി ബന്ധപ്പെടാന്‍ പാക് ചാര സംഘടന ശ്രമിച്ചത്. ഏകദേശം 75 സൈനികരുമായി ബന്ധം സ്ഥാപിക്കാന്‍ പാക് ചാര സംഘടന ശ്രമിച്ചെന്നും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. 

വാട്സ് ആപ്പ് വഴിയാണ് പാക് ചാരസംഘടന സൈനികരുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. വരും ദിവസങ്ങളില്‍ ഈ സൈനിക ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് കേന്ദ്ര ഇന്റെലിജന്‍സ് ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. പാക് ചാരന്‍മാരുമായി ആശയവിനിമയം നടത്തിയ സൈനികരെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.

നിലവില്‍, ഏതെങ്കിലും ചാരവൃത്തിയില്‍ അവരുടെ പങ്കാളിത്തം തെളിയിക്കുന്ന കാര്യമായ തെളിവുകളൊന്നും ഞങ്ങളുടെ പക്കലില്ല. എന്നാല്‍ വിവിധ പാകിസ്ഥാന്‍ നഗരങ്ങളില്‍ താമസിക്കുന്ന പ്രവര്‍ത്തകര്‍ അവരുമായി ബന്ധപ്പെട്ടിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

നേപ്പാള്‍ ബിര്‍ഗുഞ്ച് സ്വദേശിയായ പ്രഭാത് കുമാര്‍ ചൗരസ്യ (43)യില്‍ നിന്ന് കണ്ടെടുത്ത സിം കാര്‍ഡുകളാണ് പാക്കിസ്ഥാന്റെ ചാരപ്രവൃത്തി വെളിച്ചത്ത് കൊണ്ടുവന്നത്. 16 ഇന്ത്യന്‍ സിം കാര്‍ഡുകളുമായി ഡല്‍ഹി ലക്ഷമി നഗറില്‍ നിന്നാണ് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന്് കണ്ടെടുത്ത സിം കാര്‍ഡുകളിലെ ഡാറ്റയുടെ സാങ്കേതിക പരിശോധനയിലാണ് ഇവ പാക്കിസ്ഥാന്‍ ഉപയോഗിച്ചെന്ന് കണ്ടെത്തുന്നത്. 

ബീഹാര്‍, മഹാരാഷ്ട്ര എന്നിവടങ്ങളില്‍ നിന്നാണ് ഇയാള്‍ സിം കാര്‍ഡുകള്‍ വാങ്ങിയത്. ഇവ കാഠ്മണ്ഡുവില്‍ എത്തിച്ചതിന് ശേഷം അവിടെ നിന്ന് പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക്് കൈമാറുകയായിരുന്നു. ഐഎസ്ഐ ഈ നമ്പറുകളില്‍ തുടങ്ങിയ വാട്സ് ആപ്പ് അക്കൗണ്ട് വഴി വിവിധ സൈനിക, അര്‍ദ്ധ സൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 

16 സിം കാര്‍ഡുകളില്‍ 11 എണ്ണം ലാഹോര്‍, ബഹവല്‍പൂര്‍, പാകിസ്ഥാന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഐഎസ്ഐ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിപ്പിച്ചു. 2024-ലാ പ്രഭാത് കുമാര്‍ ഐഎസ്ഐയുമായി ബന്ധം സഥാപിക്കുന്നത്. യുഎസ് വിസ വാഗ്ദാനം ചെയ്താണ് ഇയാളെ പാക് ചാരസംഘടന വശീകരിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പാക് ചാരസംഘടനയ്ക്ക സിം കാര്‍ഡുകള്‍ നല്‍കിയതിന് പുറമേ, ഡിആര്‍ഡിഒ, ആര്‍മി സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഐഎസ്ഐ പ്രഭാത് കുമാറിനെ ചുമതലപ്പെടുത്തിയെന്ന് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ഡിസിപി അമിത് കൗശിക് പറഞ്ഞു.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്കിംഗ് എന്നിവയില്‍ ഡിപ്ലോമയ്‌ക്കൊപ്പം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിഎസ്സി ബിരുദവും നേടിയ പ്രഭാത് കുമാര്‍ ചൗരാസിയ, പൂനെ, ലാത്തൂര്‍, സോളാപൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ മുമ്പ് ജോലി ചെയ്തിട്ടുണ്ട്. 2017ല്‍ അദ്ദേഹം കാഠ്മണ്ഡുവില്‍ ഒരു ലോജിസ്റ്റിക് കമ്പനി ആരംഭിച്ചു. എന്നാല്‍ ഇത് നഷ്ടത്തിലായതോടെയാണ് ഇയാള്‍ ഐഎസ്ഐയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നാണ് വിവരം.

Indian army