പഴനി ക്ഷേത്രത്തിലെ പഞ്ചാമൃത നിവേദ്യത്തിൽ ഗർഭനിരോധന ഗുളികകൾ കലർത്തുന്നുണ്ടെന്ന വിവാദ പരാമർശം നടത്തിയ തമിഴ് സംവിധായകൻ അറസ്റ്റിൽ. സംവിധാകൻ മോഹൻ ജി ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ട്രിച്ചി ജില്ലാ സൈബർ ക്രൈം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ ചെന്നൈയിൽ വച്ച് അറസ്റ്റ് ചെയ്ത സംവിധായകനെ ട്രിച്ചിയിലേക്ക് കൊണ്ടുവരുമെന്ന് ട്രിച്ചി ജില്ലാ എസ്പി വരുൺ കുമാർ അറിയിച്ചു. തമിഴ് ചലച്ചിത്ര സംവിധായകനെ മുൻകൂർ അറിയിപ്പ് കൂടാതെ അറസ്റ്റ് ചെയ്തതായി ചെന്നൈയിലെ ബിജെപി അധ്യക്ഷൻ അശ്വത്ഥാമൻ അല്ലിമുത്തു എക്സിൽ വ്യക്തമാക്കി.
തിരുപ്പതിയിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡ്ഡുകളിൽ മൃഗ കൊഴുപ്പ് കലർന്നിട്ടുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെയാണ് മോഹൻജി പഴനി മുരുകൻ ക്ഷേത്രത്തിലെ പ്രസാദമായ ‘പഞ്ചാമൃതത്തിൽ’ ഗർഭനിരോധന ഗുളികകൾ കലർത്തിയെന്ന അഭ്യൂഹങ്ങൾ താൻ കേട്ടിട്ടുണ്ടെന്നും ആരോപിച്ചത്.