നോട്ടീസില്‍ നിയമോപദേശം തേടും; സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയല്‍ എത്തില്ല

ബജറ്റ് ചര്‍ച്ച ഇന്നും ലോക്‌സഭയില്‍ തുടരും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സംസാരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ധനമന്ത്രി ഇന്ന് ചര്‍ച്ചയ്ക്ക് മറുപടി നല്‍കും. അതേസമയം, ലോക്‌സഭ സ്പീക്കറെ നീക്കാനുള്ള നോട്ടീസില്‍ സെക്രട്ടറി ജനറല്‍ നിയമോപദേശം തേടും

author-image
Biju
New Update
OM BIRLA.

ന്യൂഡല്‍ഹി: തന്നെ നീക്കാനുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയില്‍ നിന്ന് വിട്ടു നില്‍ക്കും. പ്രമേയത്തിന്‍മേലുള്ള തീരുമാനം വരുന്നത് വരെ സ്പീക്കര്‍ സഭയിലെത്തില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. 

ബജറ്റ് ചര്‍ച്ച ഇന്നും ലോക്‌സഭയില്‍ തുടരും. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സംസാരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ധനമന്ത്രി ഇന്ന് ചര്‍ച്ചയ്ക്ക് മറുപടി നല്‍കും. അതേസമയം, ലോക്‌സഭ സ്പീക്കറെ നീക്കാനുള്ള നോട്ടീസില്‍ സെക്രട്ടറി ജനറല്‍ നിയമോപദേശം തേടും. നോട്ടീസ് ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കും. ഉചിതമായ തീരുമാനം സെക്രട്ടറി ജനറല്‍ കൈക്കൊള്ളാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. സഭയിലേക്ക് വരില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സ്പീക്കര്‍. നോട്ടീസ് മാര്‍ച്ച് ഒമ്പതിന് സഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കാനാണ് സാധ്യത. 

ഇതിനിടെ, ജനറല്‍ എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം ചോര്‍ന്ന സംഭവത്തില്‍ കൂടുതല്‍ പരിശോധനയുമായി ദില്ലി പൊലീസ് മുന്നോട്ടുപോവുകയാണ്. പുസ്തകപ്രസാധകരുടെ മൊഴി ദില്ലി പോലീസ് സെപ്ഷ്യല്‍ സെല്‍ രേഖപ്പെടുത്തും. ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവിധ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വിവരശേഖരണത്തിന് നടപടികള്‍ തുടങ്ങി.അതേസമയം വിഷയത്തില്‍ രാഷ്ട്രീയ വിവാദം തുടരുകയാണ്. രാഹുല്‍ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തി. സത്യം പുറത്തുവരുന്നത് തടയാനാണ് സര്‍ക്കാര്‍ ശ്രമം എന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.