/kalakaumudi/media/media_files/2025/07/24/parla-2025-07-24-16-37-45.jpg)
ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനെതിരായ പ്രതിഷേധത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്. ചര്‍ച്ച വേണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. കള്ളവോട്ട് പ്രോത്സാഹിപ്പിക്കണം എന്നാണോ ഉദ്ദേശിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിച്ചു. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ജഗ്ദീപ് ധന്‍കറിന്റെ രാജിയുടെ കാരണം തേടി രാജ്യസഭയിലും ബഹളമുണ്ടായി. ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.
പാര്‍ലമെന്റിന്റെ പ്രധാന കവാടത്തിന് മുന്നില്‍ സോണിയ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ബിഹാറിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ലോക്സഭ തുടങ്ങിയ ഉടന്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ജെഡിയു അംഗം ഗിരിധരി യാദവ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചത് ഇന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ ആയുധമാക്കി.
എന്നാല്‍ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ സ്പീക്കര്‍ വിമര്‍ശിച്ചു. സഭയുടെ അന്തസ് കാട്ടണമെന്നും മുതിര്‍ന്ന അംഗങ്ങള്‍ മര്യാദ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയില്‍ ജഗദീപ് ധന്‍കറിന്റെ രാജിയില്‍ വ്യക്തത ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. എന്നാല്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് ചര്‍ച്ച അനുവദിക്കാനാവില്ലെന്ന് നിലപാടെടുത്തു. ഇന്ന് യാത്രയയപ്പ് സമ്മേളനം കഴിഞ്ഞ ശേഷം രാജ്യസഭയില്‍ വീണ്ടും പ്രതിപക്ഷം പ്രതിഷേധവുമായി ഇറങ്ങി. ഇതോടെ രാജ്യസഭയും നിര്‍ത്തി. ബഹളത്തില്‍ മുങ്ങിയതോടെ സഭ നടപടികള്‍ രണ്ട് മണി വരെ നിര്‍ത്തിവച്ചു. എന്നാല്‍ പിന്നീട് സഭ സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നു. ഇതോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഇരു സഭകളും നാളത്തേക്ക് പിരിഞ്ഞു.
ഇതിനിടെ കേരളത്തിലെ ദേശീയപാത 66 ല്‍ 15 ഇടത്ത് തകരാറുകള്‍ കണ്ടെത്തിയതായി കേന്ദ്രം രേഖാമൂലം പാര്‍ലമെന്റില്‍ മറുപടി നല്‍കി. കെ സി വേണുഗോപാലിന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടേതാണ് മറുപടി. കൂരിയാട് ദേശീയപാത തകര്‍ച്ചക്ക് ശേഷം നിയോഗിച്ച ആദ്യ സമിതിയുടെ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് കേന്ദ്രമന്ത്രി ഇന്ന് അറിയിച്ചത്. രണ്ടാമത്തെ സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു.