/kalakaumudi/media/media_files/2025/02/10/Lf4qST2C5oBPsgXnuGCe.jpg)
Parvesh Varma
ന്യൂഡല്‍ഹി: 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ഭരണം പിടിച്ചെടുത്ത ബി ജെ പിയുടെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനായേക്കും. സര്‍ക്കാര്‍ രൂപീകരണമടക്കമുള്ള ചര്‍ച്ചകള്‍ സജീവമാക്കിയ ബി ജെ പി ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ആരായിരിക്കും രാജ്യതലസ്ഥാനത്തെ നയിക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ്. പര്‍വേഷ് വര്‍മയുടെ പേരിനാണ് മുന്‍തൂക്കമെങ്കിലും മറ്റു നേതാക്കളും പരിഗണനയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായും പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഫ്രാന്‍സ് - അമേരിക്ക സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ഇന്ന് തിരിക്കും മുന്നേ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടായേക്കും. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനുശേഷം സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. അതുകൊണ്ടുതന്നെ വരുന്ന ശനിയോ, ഞായറോ ആകും സത്യപ്രതിജ്ഞയെന്നാണ് വ്യക്തമാകുന്നത്. എന്‍ ഡി എയിലെ എല്ലാ മുഖ്യമന്ത്രിമാരെയും പ്രധാനപ്പെട്ട നേതാക്കളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തി പ്രകടനമാക്കാനാണ് ബി ജെ പിയുടെ തീരുമാനം.
ജാട്ട് വിഭാഗത്തില്‍നിന്നുള്ള വര്‍മ്മയെ മുഖ്യമന്ത്രിയാക്കിയാല്‍ ഹരിയാനയില്‍ ഒ ബി സി വിഭാഗത്തില്‍ നിന്നുള്ള നായബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ആ വിഭാഗത്തിലുണ്ടായ അതൃപ്തി മറികടക്കാനാകുമെന്നും പശ്ചിമ യു പിയിലും ഇത് നേട്ടമാകുമെന്നുമാണ് ബി ജെ പിയുടെ വിലയിരുത്തല്‍.