ഇൻഡിഗോ വിമാനസർവീസ് റദ്ധാക്കിയതിനെത്തുടർന്ന് യാത്രപ്രതിസന്ധിയിൽ വലഞ്ഞു യാത്രക്കാർ

ഇന്നലെ മാത്രം 550ഓളം സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ഇന്നും സർവീസുകളെ പ്രശ്‌നം ബാധിച്ചതോടെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വ്യാപക പ്രതിഷേധമാണ് യാത്രക്കാർ ഉയർത്തുന്നത്

author-image
Devina
New Update
indigo issue

ന്യൂഡൽഹി: ഇൻഡിഗോ വിമാനസർവീസുകൾ വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതുമായ പ്രതിസന്ധി ഇന്നും തുടരുന്നു

. ഇന്നലെ മാത്രം 550ഓളം സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ഇന്നും സർവീസുകളെ പ്രശ്‌നം ബാധിച്ചതോടെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വ്യാപക പ്രതിഷേധമാണ് യാത്രക്കാർ ഉയർത്തുന്നത്.

ഡൽഹിയിൽ നിന്നും ഇന്ന് അർദ്ധരാത്രി വരെയുള്ള ഇൻഡിഗോയുടെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

 ചെന്നൈയിൽ ആറു മണി വരെയുള്ള സർവീസുകൾ റദ്ദാക്കി.ഡൽഹി, ബെംഗളൂരു വിമാനത്താവളത്തിൽ ഉൾപ്പെടെ യാത്രക്കാർ ഇൻഡിഗോ ജീവനക്കാരോട് കയർക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പ്രതിസന്ധിയെ കുറിച്ച് പ്രതികരിക്കാൻ ഇൻഡിഗോയുടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ പോലും പലയിടത്തും ഇല്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.

 വിമാനത്താവളത്തിൽ പലരും 12 മണിക്കൂറിലധികമാണ് കുടുങ്ങിയത്.

 പലരുടെയും പക്കൽ ഭക്ഷണവും വെള്ളവും പോലും ഇല്ലാത്ത സ്ഥിതിയാണ്.

രാവിലെ 8.05ന് ബംഗളൂരുവിൽ നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം വിമാനം ഇതുവരെ അനിശ്ചിതമായി വൈകിയിരിക്കുയാണ്.

വിമാനം എപ്പോൾ പുറപ്പെടുമെന്നതിൽ കൃത്യമായ അറിയിപ്പും യാത്രക്കാർക്ക് ലഭിച്ചിട്ടില്ല.

 ഇതിനിടെ രാവിലെ 11.40 ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം വിമാനം റദ്ദാക്കിയതായി ഇൻഡിഗോ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

എന്നാൽ വൈകീട്ട് 6.20 ന് പുറപ്പെടേണ്ട ബംഗളൂരു തിരുവനന്തപുരം വിമാനം കൃത്യസമയം പാലിക്കുമെന്നും വെബ്‌സൈറ്റ് പറയുന്നു.

വിമാനസർവീസുകൾ വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതും കേരളത്തിലും യാത്രക്കാരെ സാരമായി വലച്ചിട്ടുണ്ട്.

 തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ മണിക്കൂറുകളായി യാത്രക്കാർ കാത്തിരിക്കുകയാണ്.

വെള്ളിയാഴ്ച ഫുജൈറയിൽനിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി. കണ്ണൂർ-തിരുവനന്തപുരം, കണ്ണൂർ-അബുദാബി വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു.