/kalakaumudi/media/media_files/2025/08/30/imf-2025-08-30-13-23-34.jpg)
ന്യൂഡല്‍ഹി : അന്താരാഷ്ട്ര നാണയ നിധിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഊര്‍ജിത് പട്ടേലിന് നിയമനം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ആണ് ഊര്‍ജിത് പട്ടേല്‍. മന്ത്രിസഭയുടെ നിയമന സമിതിയുടെ അംഗീകാരത്തിനുശേഷം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയമാണ് പുതിയ നിയമനക്കാര്യം വ്യക്തമാക്കിയത്. മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 24-ാമത് ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ 2016 സെപ്റ്റംബറില്‍ ആയിരുന്നു ചുമതല ഏറ്റിരുന്നത്. 2018 ഡിസംബറില്‍ അദ്ദേഹം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവച്ചു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഐഎംഎഫിലൂടെ തന്നെയായിരുന്നു ഊര്‍ജിത് പട്ടേല്‍ തന്റെ നിര്‍ണായക കരിയറിന് തുടക്കം കുറിച്ചിരുന്നത്.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എസ്സി., ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എം.ഫില്‍., യേല്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്.ഡി. എന്നിവ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഊര്‍ജിത് പട്ടേല്‍ ഐഎംഎഫില്‍ ആദ്യ നിയമനം നേടിയിരുന്നത്.
ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ (എഐഐബി) ഇന്‍വെസ്റ്റ്മെന്റ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റായും ഊര്‍ജിത് പട്ടേല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസിലും ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കമ്പനിയിലും (ഐഡിഎഫ്സി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയുടെ ചെയര്‍മാനായും ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷനില്‍ സീനിയര്‍ ഫെലോയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.