സിഗരറ്റും വലിച്ച് ചായയും കുടിച്ചിരിക്കുന്ന സൂപ്പർസ്റ്റാർ;കൊലക്കേസ് പ്രതി ദർശന് ജയിലിൽ പ്രത്യേക പരിഗണന, അന്വേഷണം

വീഡിയോ കോൾ ചെയ്ത് സുഹൃത്തുക്കളുമായി സംസാരിക്കുന്നതും ജയിൽ വളപ്പിൽ കൂട്ട് പ്രതികൾക്കൊപ്പമിരുന്ന് ചായകുടിക്കുന്നതും പുക വലിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കർണാടക ഡിജിപി

author-image
Greeshma Rakesh
New Update
darsan

Photo of actor and murder accused darshan smoking cigarette with gangster inside jail goes viral

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു: രേണുക സ്വാമി കൊലപാതക കേസിൽ  ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രശസ്ത കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ജയിലിൽ  പ്രത്യേക പരിഗണനയും സൗകര്യങ്ങളും.ഇതിൻറെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ടു.വീഡിയോ കോൾ ചെയ്ത് സുഹൃത്തുക്കളുമായി സംസാരിക്കുന്നതും ജയിൽ വളപ്പിൽ കൂട്ട് പ്രതികൾക്കൊപ്പമിരുന്ന് ചായകുടിക്കുന്നതും പുക വലിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കർണാടക ഡിജിപി. 

 തുറസ്സായ ഗ്രൗണ്ടിൽ പ്ലാസ്റ്റിക് കസേരകളിൽ ഇരുന്നു പുൽത്തകിടിയിൽ സൗഹൃദ സംഭാഷണം നടത്തുന്നതാണ് ഫോട്ടോയിൽ ഉള്ളത്. നിലവിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന ദർശൻ വലതു കൈയിൽ ഒരു കപ്പും മറ്റേ കൈയിൽ സിഗരറ്റും പിടിച്ചാണ് ചിത്രത്തിൽ കാണുന്നത്. ഇതോടെ ദർശന് ജയിലിൽ വിഐപി പരിഗണനയിൽ സുഖ ജീവിതമാണ് എന്നാണ് ആരോപണം ഉയർന്നത്.ദർശനൊപ്പം ഇപ്പോൾ വിവാദമായ ചിത്രത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുണ്ടാസംഘ തലവൻ വിൽസൺ ഗാർഡൻ ദർശൻറെ മാനേജരും കേസിലെ പ്രതിയുമായ നാഗരാജ്, കുള്ള സീന എന്നിവരാണ് ചിത്രത്തിലുള്ളത്. അവളരെ സന്തോഷത്തിലാണ് എല്ലാവരും എന്ന് ചിത്രത്തിൽ നിന്നും വ്യക്തമാണ്. 

ചിത്രം വിവാദമായതിന് പിന്നാലെ പ്രതികരിച്ച കൊല്ലപ്പെട്ട രേണുക സ്വാമിയുടെ കുടുംബം. ഈ കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തി.രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനടക്കം 17 പേരാണ് ഇപ്പോൾ ജയിലിലുള്ളത്. ഇതിൽ ദർശൻറെ സുഹൃത്തായ നടി പവിത്ര ഗൗഡയും പെടുന്നു. ദർശൻറെ ആരാധകനായ രേണുകസ്വാമി (33) പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് ദർശനെ പ്രകോപിപ്പിച്ചതെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ്  വിവരം.

 ദർശന്റെ കടുത്ത ആരാധകൻ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. ചിത്രദുർഗയിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്നു ഇയാൾ. ജൂൺ 9മാണ് ബെംഗലൂരുവിലെ സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലിൽ നിന്നും രേണുക സ്വാമിയുടെ മ‍ൃതദേഹം കണ്ടെത്തിയത്. ആദ്യം പൊലീസ് ഇതൊരു ആത്മഹത്യയാണ് എന്നാണ് കരുതിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണ് എന്ന് തെളിയുകയായിരുന്നു. മൃതദേഹത്തിൽ ഇടുപ്പെല്ലിനും നടുവിനും കൈക്കും ഗുരുതരമായി മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.

ആദ്യഘട്ടത്തിൽ കസ്റ്റഡിയിലായവർ ഈ കൊലപാതക ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരായി എന്നാണ് കന്നഡ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തത്. അവർ ആദ്യം സാമ്പത്തിക തർക്കത്തിൽ കൊലപാതകം നടത്തിയെന്നാണ് പറ‍ഞ്ഞത്. എന്നാൽ തുടർന്നും പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും കൂടുതൽപ്പേർ പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ദർശൻറെ പങ്ക് പൊലീസ് മനസിലാക്കിയത്. തുടർന്നായിരുന്നു അറസ്റ്റ്.

 

 

jail renukaswamys murder case darshan thoogudeepa kannada cinema