/kalakaumudi/media/media_files/2025/09/14/indigo-2025-09-14-16-50-05.jpg)
ലഖ്നൗ: ലഖ്നൗ വിമാനത്താവളത്തിൽ അപകടത്തിൽ നിന്ന് പൈലറ്റിൻ്റെ സമയോചിത ഇടപെടലിൽ 151 യാത്രക്കാുടെ ജീവന് രക്ഷ. ദില്ലിക്ക് പോകാൻ പുറപ്പെട്ട ഇൻ്റിഗോ വിമാനം ആകാശത്തേക്ക് ഉയർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അപകടം മുന്നിൽ കണ്ട പൈലറ്റ് റൺവേയിൽ നിന്ന് തെന്നിമാറാതെ എമർജൻസി ബ്രേക്ക് നൽകി വിമാനം പിടിച്ചുനിർത്തി. സമാജ്‌വാദി പാർട്ടി എംപിയും അഖിലേഷ് യാദവിൻ്റെ ഭാര്യയുമായ ഡിംപിൾ യാദവ് അടക്കം 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പിന്നീട് മറ്റൊരു വിമാനത്തിൽ എല്ലാ യാത്രക്കാരെയും ദില്ലിയിലേക്ക് കൊണ്ടുപോയി.
ഒഴിവായത് വൻ ദുരന്തം
റൺവേയുടെ അവസാനഭാഗത്തോട് അടുത്താണ് വിമാനം നിന്നത്. റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപെടാനുള്ള സാധ്യത മുന്നിൽ നിൽക്കെയാണ് പൈലറ്റിൻ്റെ അടിയന്തിര ഇടപെടലിൽ വിമാനം നിന്നത്. പിന്നീട് വിമാനത്തിൽ നിന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കി. ഇവരെ മറ്റൊരു വിമാനത്തിൽ ദില്ലിക്ക് മാറ്റിയെന്ന് വിമാന കമ്പനി അറിയിച്ചു.
ഇക്കഴിഞ്ഞ സെപ്തംബർ ആറിന് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പോയ ഇൻഡിഗോ വിമാനം ആകാശത്ത് രണ്ട് മണിക്കൂറോളം പറന്ന ശേഷം കൊച്ചി വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.
ഓഗസ്റ്റ് മാസത്തിൽ മുംബൈ വിമാനത്താവളത്തിൽ ഒരു ഇൻഡിഗോ എയർബസ് എ321 വിമാനത്തിൻ്റെ പിൻഭാഗം റൺവേയിൽ തട്ടിയിരുന്നു. ലാൻ്റിങിനിടെയായിരുന്നു സംഭവം. പിന്നീട് വിമാനം സുരക്ഷിതമായി ലാൻ്റ് ചെയ്തിരുന്നു.