ശ്രീനഗറില്‍ നിന്നും ഡല്‍ഹിയിലേക്കെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് സംഭവം. അര്‍മാന്‍ എന്ന പൈലറ്റാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങി ഓഫിസിലേക്ക് എത്തിയതിന് പിന്നാലെയാണ് അര്‍മാന്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ കോക്പിറ്റിനുള്ളില്‍ അര്‍മാന്‍ ഛര്‍ദിച്ചു. ഉടനടി പ്രാഥമിക ശുശ്രൂഷ നല്‍കി. വേഗത്തില്‍ ക്യാപ്റ്റനെ പുറത്തെത്തിച്ചുവെന്ന് ജീവനക്കാര്‍ പറയുന്നു. ക്യാപ്റ്റന്‍ അര്‍മാന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ നടുക്കത്തിലാണ് സഹപ്രവര്‍ത്തകര്‍. അര്‍മാന്‍റെ മരണത്തില്‍ ദുഃഖം അറിയിക്കുന്നുവെന്നും കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
കടുത്ത സമ്മര്‍ദമാകാം അര്‍മാന്‍റെ ജീവനെടുത്തതെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നത്. പൈലറ്റുമാര്‍ക്ക് കൃത്യമായ വൈദ്യ പരിശോധനകള്‍ യഥാസമയം നടത്തണമെന്നും ആരോഗ്യം ഉറപ്പാക്കണമെന്നും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമന്‍റുകളുണ്ട്. എന്നാല്‍ ശാരീരികക്ഷമത പരിശോധനകളും മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുള്ള പരിശീലനങ്ങളും അതത് വിമാനക്കമ്പനികള്‍ നല്‍കാറുണ്ടെന്നും അപൂര്‍വമായാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
2023 നവംബറിലും സമാനമായി പൈലറ്റ് മരിച്ചിരുന്നു. ഡല്‍ഹി വിമാനത്താവളത്തിലെ പരിശീലനത്തിനിടെയാണ് ഹിമാനില്‍ കുമാര്‍ (30) എന്ന യുവ പൈലറ്റ് മരിച്ചത്. ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ ഹിമാനിലും കാണിച്ചിരുന്നു. ടെര്‍മിനല്‍ മൂന്നില്‍ വച്ച് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിന് പിന്നാലെ പ്രാഥമിക ചികില്‍സ നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2023 ഓഗസ്റ്റില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റും ബോര്‍ഡിങ് ഗേറ്റിനരികെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
