പിയൂഷ് ഗോയല്‍ ഒമാന്‍ സന്ദര്‍ശിക്കുന്നു; സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചയാവും

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും ചില ഉല്‍പ്പന്നങ്ങളുടെ വിപണി പ്രവേശന ഓഫര്‍ പരിഷ്‌കരിക്കാന്‍ ഒമാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

author-image
Prana
New Update
piyush goyal

ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതിനായി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ മസ്‌കറ്റിലേക്ക് പോകും. ഇന്ത്യ-ഒമാന്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റ് (സിഇപിഎ) സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സന്ദര്‍ശന വേളയില്‍ കൂടുതല്‍ ഉണര്‍വ് ലഭിക്കാന്‍ സാധ്യതയുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ഒമാന്‍ അധികാരികളുമായി വ്യാപാരം, നിക്ഷേപം, ആഗോള സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തുമെന്നും അറിയിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നിര്‍ദിഷ്ട എഫ്ടിഎ പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് ഗോയലിന്റെ സന്ദര്‍ശനം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും ചില ഉല്‍പ്പന്നങ്ങളുടെ വിപണി പ്രവേശന ഓഫര്‍ പരിഷ്‌കരിക്കാന്‍ ഒമാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പ്ലാസ്റ്റിക്കുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ ഘടകങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പോളിയെത്തിലീന്‍, പോളിപ്രൊഫൈലിന്‍-ഇന്റര്‍മീഡിയറ്റുകള്‍ക്ക് കൂടുതല്‍ വിപണി പ്രവേശനം നല്‍കാനുള്ള ഇന്ത്യയിലെ സമ്മര്‍ദ്ദമാണ് തര്‍ക്കത്തിന്റെ പ്രധാന മേഖലകളിലൊന്ന്. ഈ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ 7.5 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നു.

piyush goyal