/kalakaumudi/media/media_files/2026/01/28/sarath-pawar-2026-01-28-11-04-52.jpg)
മുംബൈ: ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബൈയിൽ നിന്ന് ബരാമതിയിലേക്ക് വിമാനത്തിൽ പോകുമ്പോഴാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപിയുടെ മുതിർന്ന നേതാവുമായ അജിത് പവാർ അപകടത്തിൽപ്പെട്ടത്.
ബരാമതിയിൽ നാലു പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യാനാണ് അജിത് പവാർ മുംബൈയിൽ നിന്ന് പുറപ്പെട്ടത്.രാവിലെ 8.10നാണ് വിമാനം മുംബൈയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്.
വിമാനാപകടം ഉണ്ടായത് 9.12നാണ്. ആറ് മുതൽ എട്ട് പേർക്ക് വരെ സഞ്ചരിക്കാൻ കഴിയുന്ന ലിയർജെറ്റ് 45 വിമാനം ചാർട്ട് ചെയ്താണ് ബരാമതിയിലേക്ക് പുറപ്പെട്ടത്. വിമാനത്തിൽ അജിത് പവാറിന് പുറമേ രണ്ട് പൈലറ്റുമാരും രണ്ടു സുരക്ഷാ ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ബരാമതി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്.അപകടത്തിൽ വിമാനം പൂർണമായി കത്തിനശിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചുറ്റും ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രദേശത്ത് നിന്ന് വൻതോതിൽ തീയും പുകയും ഉയർന്നതായും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വിമാനത്തിന് ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് അപകടകാരണമെന്നാണ് സൂചന. ഇതിന് പിന്നാലെ പൈലറ്റ് അടിയന്തരമായി ലാൻഡ് ചെയ്യാൻ ശ്രമിച്ചതായും പക്ഷേ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കാം എന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.
ബ്ലാക്ക് ബോക്സ് വീണ്ടെടുത്താൽ മാത്രമേ അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാകുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
