/kalakaumudi/media/media_files/2025/04/16/sXaDXZ6XSzzls7Pongll.jpg)
ന്യൂഡല്‍ഹി : പാകിസ്ഥാന്‍ വ്യോമസേനയുടെ വിമാനമായ മിറാഷ് വി റോസ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തകര്‍ന്നുവീണു. പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടം. പഞ്ചാബ് പ്രവിശ്യയിലെ വെഹരി ജില്ലയിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ രണ്ടു പൈലറ്റുമാരും സുരക്ഷിതമായി ഇജക്റ്റ് ചെയ്തതിനാല്‍ ആളപായമില്ല.
വെഹാരി നഗരത്തിനടുത്തുള്ള തിങ്ഗി വ്യോമ താവളത്തില്‍ നിന്ന് പതിവ് പരിശീലന പറക്കലായി പറന്നുയര്‍ന്ന വിമാനം ഉടന്‍ തന്നെ ഒരു എണ്ണ ഡിപ്പോയ്ക്ക് സമീപം തകര്‍ന്നു വീഴുകയായിരുന്നു. വിമാനം പൂര്‍ണമായി തകര്‍ന്നെങ്കിലും ആളപായമോ സമീപത്തെ കെട്ടിടത്തിന് കേടുപാടുകളോ സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ക്കും നിസാര പരിക്കുകള്‍ ഏറ്റതിനാല്‍ അവരെ ഒരു സൈനിക ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പാക് സൈന്യം ഔദ്യോഗികമായി അറിയിച്ചു. ഫ്രഞ്ച് നിര്‍മ്മിത മിറാഷ് 5 നെ മിറാഷ് വി റോസ് എന്ന് പുനര്‍നാമകരണം ചെയ്താണ് പാകിസ്ഥാന്‍ വ്യോമസേന ഉപയോഗിക്കുന്നത്. 1970-കള്‍ മുതല്‍ പാകിസ്ഥാന്‍ വ്യോമസേനയുടെ ഭാഗമാണ് ഈ വിമാനങ്ങള്‍. ആധുനികവല്‍ക്കരണ ശ്രമങ്ങള്‍ക്ക് ശേഷവും ഈ വിമാനങ്ങളുടെ പ്രവര്‍ത്തിപ്പിക്കലിലും പരിപാലനത്തിലും വെല്ലുവിളികള്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.