/kalakaumudi/media/media_files/2025/03/13/SBEZ6VZGe09csDfP0Xta.jpg)
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗരീഷ്യസ് സന്ദര്‍ശനത്തിലെ ചില സംഭവങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്. മഹാകുംഭമേളയിലെ ഗംഗാ തീര്‍ത്ഥം പ്രധാനമന്ത്രി മൌറീഷ്യസിലെ പോര്‍ട്ട് ലൂയിസിലെ ഗ്രാന്‍ഡ് ബേസില്‍ ക്ഷേത്രത്തിലെ കുളത്തില്‍ അഭിഷേം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.
മൗറീഷ്യസിലെ ഗ്രാന്‍ഡ് ബേസിലെ ഗംഗാ തലാബും ഹിന്ദുമതവുമായി ബന്ധമുണ്ടോ, മൗറീഷ്യസിലെ ഈ ക്ഷേത്രത്തിന് ഭരതവുമായി ബന്ധമുണ്ടോ എന്നാണ് സമൂഹമാദ്ധ്യമമുള്‍പ്പെടെ ചര്‍ച്ചചെയ്യുന്നത്.
മൗറീഷ്യസിലെ ഗംഗാ തലാബില്‍ ത്രിവേണി സംഗമ തീര്‍ത്ഥം അഭിഷേകം ചെയ്യാനുള്ള ഭാഗ്യമുണ്ടായി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ത്രിവേണി സംഗമത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ വര്‍ഷത്തെ മഹാകുംഭം മൗറീഷ്യസ് ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെ ആകര്‍ഷിച്ചു.
ഗംഗയുടെയും യമുനയുടെയും സരസ്വതിയുടെയും അനുഗ്രഹം എപ്പോഴും നമുക്ക് ഉണ്ടായിരിക്കട്ടെ!, പ്രധാനമന്ത്രി കുറിച്ചു.
മൗറീഷ്യസിലെ ഒരു പ്രധാന തീര്‍ത്ഥസ്ഥലമാണ് ഗ്രാന്‍ഡ് ബേസില്‍. അവിടെ ഒരു അഗ്‌നിപര്‍വ്വതത്തിന്റെ ഗര്‍ത്തത്തിലെ കുളമാണ് ഗംഗാ തലാബ് എന്നറിയപ്പെടുന്നത്. മൗറീഷ്യസിലെ ഹിന്ദുക്കള്‍ക്ക് ഈ സ്ഥലം വളരെ പവിത്രമാണ്, ഭഗവാന്‍ ശിവന്‍ , ഹനുമാന്‍, ലക്ഷ്മി ദേവി എന്നീ പ്രതിഷ്ഠകളുള്ള മനോഹരമായ ഒരു ക്ഷേത്രമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത് . നഗ്‌നപാദരായാണ് മൌറീഷ്യസിലെ തീര്‍ത്ഥാടകര്‍ ഈ സ്ഥലത്തേക്ക് പോകുന്നത്.
കുളത്തിന്റെ പ്രവേശന കവാടത്തില്‍ സ്ഥിതി ചെയ്യുന്ന 108 അടി ഉയരമുള്ള മഹാദേവന്റെ പ്രതിമ ഏറെ പ്രശസ്തമാണ്. 2007 ല്‍ സ്ഥാപിക്കപ്പെട്ട ഈ പ്രതിമ മൗറീഷ്യസിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്. ഇതിനുപുറമെ, 108 അടി ഉയരമുള്ള ദുര്‍ഗ്ഗാ ദേവിയുടെ പ്രതിമയും ഇവിടെയുണ്ട്. ദുര്‍ഗ്ഗാ പൂജയും മഹാശിവരാത്രിയും ഇവിടുത്തെ ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട ഉത്സവങ്ങളാണ്.മഹാശിവരാത്രി ഇവിടെ ദേശീയ അവധിദിനമാണ്.
ഈ സ്ഥലത്തെക്കുറിച്ച് ഒരു വിശ്വാസവും നിലവിലുണ്ട്. 1857-ല്‍, ഗ്രാന്‍ഡ് ബേസിന്‍ തടാകത്തിലെ വെള്ളം ജാന്‍വിയില്‍ നിന്ന് ഉത്ഭവിച്ച് ഗംഗാ മാതാവിന്റെ ഭാഗമായി മാറിയതായി രണ്ട് പുരോഹിതന്മാര്‍ സ്വപ്നം കണ്ടു. ഈ സ്വപ്ന വാര്‍ത്ത മൗറീഷ്യസ് മുഴുവന്‍ പരന്നു. അതേ വര്‍ഷം തന്നെ, മഹാശിവരാത്രി ദിനത്തില്‍ നിരവധി തീര്‍ത്ഥാടകര്‍ ഗ്രാന്‍ഡ് ബേസിനിലേക്ക് കാല്‍നടയായി പോയി, തടാകത്തില്‍ നിന്ന് വെള്ളം ശേഖരിച്ച് ശിവന് സമര്‍പ്പിച്ചു. അന്നുമുതല്‍ എല്ലാ മഹാശിവരാത്രിയിലും ഭക്തര്‍ ഗംഗാ തലാബിലേക്ക് കാല്‍നടയായി യാത്ര ചെയ്യുന്നത് ഒരു പാരമ്പര്യ ആചാരമായി മാറി.