/kalakaumudi/media/media_files/2025/03/14/dM0x5GmIuUtdS0jY6m2V.jpg)
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ദുര്‍ഗാപൂരില്‍ വച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ 5400 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 'ഗുണ്ടാ നികുതി' കാരണം നിക്ഷേപകര്‍ സംസ്ഥാനത്തേക്ക് വരാന്‍ ഭയപ്പെടുകയാണെന്ന് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങില്‍ വ്യക്തമാക്കി.
പശ്ചിമബംഗാളില്‍ ദുര്‍ഗാപൂരിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തിയത്. ഉരുക്ക് നഗരം എന്ന നിലയില്‍ മാത്രമല്ല, ഇന്ത്യയുടെ തൊഴില്‍ ശക്തിയുടെ പ്രധാന കേന്ദ്രം എന്ന നിലയിലും രാജ്യത്തിന്റെ വികസനത്തില്‍ ഈ നഗരം ഒരു നിര്‍ണായക സ്ഥാനം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ഗ്യാസ് അധിഷ്ഠിത ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് മോദി ഇന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഭാരതത്തെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വികസനത്തിലൂടെ ശാക്തീകരണം, തൊഴിലിലൂടെ സ്വാശ്രയത്വം, സദ്ഭരണത്തിലൂടെ കാരുണ്യം എന്നീ തത്വങ്ങളിലാണ് ഞങ്ങളുടെ ദൗത്യം വേരൂന്നിയിരിക്കുന്നത്. 2047 ഓടെ വിക്സിത് ഭാരത് എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ പശ്ചിമബംഗാളിനെ സംബന്ധിച്ചിടത്തോളം അഴിമതിയും ഭയ രാഷ്ട്രീയവും സാമ്പത്തിക പുരോഗതി തടയുകയും യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. ബംഗാളിനെ ഈ മോശം ഘട്ടത്തില്‍ നിന്ന് നമുക്ക് പുറത്തുകൊണ്ടുവരണം എന്നും മോദി വ്യക്തമാക്കി.