ഖത്തറില്‍ നിന്ന് ഇന്ത്യ കൂടുതല്‍ പ്രകൃതി വാതകം വാങ്ങാനും ധാരണയായി

ഖത്തര്‍ വധശിക്ഷ റദ്ദാക്കിയെങ്കിലും ഇനിയും ഇന്ത്യയിലേക്ക് മടങ്ങാനാകാത്ത മുന്‍ നാവികസേന ഉദ്യോഗസ്ഥന്റെ കാര്യവും ചര്‍ച്ചയായെന്നാണ് സൂചന. രാവിലെ ഖത്തര്‍ അമീറിന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്പ് നല്കി. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുമായും അമീര്‍ കൂടിക്കാഴ്ച നടത്തി.

author-image
Biju
New Update
SGED

ന്യൂഡല്‍ഹി: ഇന്ത്യ- ഖത്തര്‍ ബന്ധം തന്ത്രപധാന ബന്ധമായി ഉയര്‍ത്താന്‍ ധാരണ. ഖത്തര്‍ അമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍ താനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ദില്ലിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണയിലെത്തിയത്. ഇതു സംബന്ധിച്ച കരാറില്‍ ഇരു നേതാക്കളുടെയും സാന്നിധ്യത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി മൊഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഒപ്പു വച്ചു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു.

ഖത്തറില്‍ നിന്ന് ഇന്ത്യ കൂടുതല്‍ പ്രകൃതി വാതകം വാങ്ങാനും ധാരണയായി. ഖത്തര്‍ വധശിക്ഷ റദ്ദാക്കിയെങ്കിലും ഇനിയും ഇന്ത്യയിലേക്ക് മടങ്ങാനാകാത്ത മുന്‍ നാവികസേന ഉദ്യോഗസ്ഥന്റെ കാര്യവും ചര്‍ച്ചയായെന്നാണ് സൂചന. രാവിലെ ഖത്തര്‍ അമീറിന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്പ് നല്കി. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുമായും അമീര്‍ കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഷെയ്ത് തമീം ബിന്‍ ഹമദ് അല്‍ താനി രാത്രി എട്ടരയ്ക്ക് മടങ്ങും. 

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഖത്തര്‍ അമീര്‍ ശൈഖ് ഹമീം ബിന്‍ ഹമദ് അല്‍ഥാനി ഇന്ത്യയിലെത്തിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലായിരുന്നു ഖത്തര്‍ അമീറിന്റെ മോദിയുമായുള്ള കൂടിക്കാഴ്ച. പ്രോട്ടോക്കോള്‍ മാറ്റിവച്ച് വിമാനത്താവളത്തില്‍ നേരിട്ടെത്തി നരേന്ദ്ര മോദി ഇന്നലെ ഖത്തര്‍ അമീറിനെ സ്വീകരിച്ചിരുന്നു. 

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്നലെ ഷെയ്ക് ഹമീമുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് അമീര്‍ ഇന്ത്യയിലെത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ഥാനിയുമുണ്ട്. ഇത് രണ്ടാം തവണയാണ് ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തുന്നത്. 2015 മാര്‍ച്ചിലായിരുന്നു മുന്‍ സന്ദര്‍ശനം.

 

india qatar