അയോധ്യയില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് ഇന്ന്, പ്രധാനമന്ത്രി നേതൃത്വം നല്‍കും, സുരക്ഷ ശക്തം

ധ്വജാരോഹണ ചടങ്ങില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിവിധ സന്ന്യാസി മഠങ്ങളുടെ തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

author-image
Biju
New Update
ayodhya

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്ത ചടങ്ങിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കും. പ്രധാന ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ്. അയോധ്യയില്‍ സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷവും മൂന്ന് മാസവും കൊണ്ടാണ് അയോധ്യാ രാമക്ഷേത്രത്തിന്റെ പ്രധാന മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. 2020 ല്‍ ക്ഷേത്രത്തിന്റെ തറക്കല്ലിട്ടതും കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രാണ പ്രതിഷ്ഠ നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 

ഇന്ന് രാവിലെ മോദി സാകേത് കോളേജില്‍നിന്നും അയോധ്യാധാമിലേക്ക് റോഡ് ഷോ നടത്തും. സമീപത്തെ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തും. ഇതിനു ശേഷം തുടങ്ങുന്ന ധ്വജാരോഹണ ചടങ്ങില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിവിധ സന്ന്യാസി മഠങ്ങളുടെ തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അയോധ്യയില്‍ താമസിക്കുന്ന വിശ്വാസികളെയും പിന്നാക്ക സമുദായങ്ങളുടെ പ്രതിനിധികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആകെ ഏഴായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രദേശവാസികളെ ക്ഷണിക്കാത്തത് കഴിഞ്ഞവര്‍ഷം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ചടങ്ങിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്ര പരിസരത്ത് സുരക്ഷാ വിന്യാസം കര്‍ശനമാക്കിയിട്ടുണ്ട്. അയോധ്യ ജില്ലയിലാകെ ജാഗ്രത കൂട്ടിയിട്ടുണ്ട്. അതേസമയം അയോധ്യയില്‍ കൊടി ഉയര്‍ത്താന്‍ പോകുന്ന മോദി വര്‍ഷത്തില്‍ രണ്ട് കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞതുള്‍പ്പടെ വാഗ്ദാനങ്ങള്‍ പാലിച്ചോയെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചു. 

രാമക്ഷേത്ര നിര്‍മ്മാണം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയമാക്കിയിരുന്നെങ്കിലും ക്ഷേത്രം ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലത്തിലടക്കം ബിജെപി തോറ്റു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ രാമക്ഷേത്രം ബിജെപി പ്രധാന പ്രചാരണ വിഷയം ആക്കിയില്ല. എന്നാല്‍ അടിസ്ഥാന വോട്ട് ബാങ്ക് ഉറപ്പിച്ചു നിര്‍ത്താന് കൂടിയാണ് അയോധ്യയിലെ ഓരോ ചടങ്ങും പ്രധാനമന്ത്രിയടക്കം പങ്കെടുത്ത് ബിജെപി ആഘോഷമാക്കുന്നത്.