/kalakaumudi/media/media_files/2025/03/30/z83eTKzp1z4XsKVWyaMY.jpg)
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത്. രാവിലെ ആസ്ഥാനത്ത് എത്തിയ അദ്ദേഹം ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാറിന്റെ സ്മൃതി മന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഹിന്ദു പുതുവര്‍ഷമായ ഗൗഡി പദ്വയുടെ ഭാഗമായി ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടികളില്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം നാഗ്പൂരിലെ ആസ്ഥാനത്ത് എത്തിയത്.
ഹെഡ്ഗേവാറിന്റെ സ്മൃതിമന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി ഗോള്‍വല്‍ക്കറുടെ സ്മാരകവും സന്ദര്‍ശിച്ചു. അദ്ദേഹത്തിനൊപ്പം ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, ആര്‍എസ്എസ് മുന്‍ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി എന്നിവരും സ്മൃതിമന്ദിരം സന്ദര്‍ശിച്ചു.
പുഷ്പാര്‍ച്ചനയ്ക്ക് ശേഷം പ്രധാനമന്ത്രി സ്മൃതി ഭവനിലെ ഉദ്യോഗസ്ഥരുമായി സംവദിച്ചു. അവര്‍ക്കൊപ്പം നിന്ന് ചിത്രം പകര്‍ത്തിയ ശേഷമാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്. ദീക്ഷ ഭൂമിയില്‍ എത്തി അദ്ദേഹം ഡോ. ബി ആര്‍ അംബേദ്കറിന്റെ പ്രതിമയിലും ആദരവ് അര്‍പ്പിച്ചു.
ഉച്ചയ്ക്ക് അദ്ദേഹം മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടും. ഇതിന് ശേഷം ചേരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. ഇതിന് ശേഷം സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് ലിമിറ്റഡില്‍ യുഎവികള്‍ക്കായുള്ള ലോയിറ്ററിംഗ് മ്യൂനിഷന്‍ ടെസ്റ്റിംഗ് റേഞ്ചും റണ്‍വേ സൗകര്യവും ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായിട്ടാണ് മോദി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നത്.