/kalakaumudi/media/media_files/2025/10/23/modi-2025-10-23-16-37-08.jpg)
ന്യൂഡല്‍ഹി: രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷപാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എസ്ഐആറിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ പോയത് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനാണെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും ഇപ്പോഴും സിഖുകാരോട് വിദ്വേഷമാണെന്നും ഒരു സിഖുകാരനായതിനാലാണ് ബിജെപി എംപിയായ രവനീത് സിങ് ബിട്ടുവിനെ 'രാജ്യദ്രോഹി'യെന്ന് വിളിച്ചതെന്നും മോദി ആരോപിച്ചു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മറുപടി പ്രസംഗത്തിനായി മോദി രാജ്യസഭയിലെത്തിയത്. പ്രധാനമന്ത്രി രാജ്യസഭയിലെത്തിയപ്പോള്‍ 'മോദി, മോദി' എന്ന് വിളിച്ചാണ് ഭരണപക്ഷാംഗങ്ങള്‍ അദ്ദേഹത്തെ വരവേറ്റത്. ഇതേസമയം, പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങളും മുഴക്കി. തുടര്‍ന്ന് പ്രസംഗം ആരംഭിച്ച മോദി, പ്രതിപക്ഷത്തെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പരിഹസിച്ചു. 83 വയസ്സുള്ള ഖാര്‍ഗെയ്ക്ക് അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്ത് ഇരുന്ന് മുദ്രാവാക്യം വിളിക്കാമെന്നാണ് മോദി പറഞ്ഞത്. പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം പിന്നീട് സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ഇതോടെ, പ്രതിപക്ഷം തളര്‍ന്ന് ക്ഷീണിച്ച് പുറത്തുപോയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
പ്രസംഗത്തില്‍ യൂറോപ്യന്‍ യൂണിയനുമായും യുഎസുമായുള്ള വ്യാപാരക്കരാറിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച മോദി, മുന്‍കാലങ്ങളിലെ കോണ്‍ഗ്രസ്, യുപിഎ സര്‍ക്കാരുകളെയും വിമര്‍ശിച്ചു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ ദശാബ്ദങ്ങളായി ഭരണം നടത്തിയിട്ടുണ്ടെങ്കിലും അവര്‍ അഴിമതിയുടെ പേരിലാണ് പ്രധാനമായും അറിയപ്പെടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍കാലങ്ങളില്‍ കരാറുകള്‍ എന്നാല്‍ അഴിമതി നിറഞ്ഞ 'ബൊഫേഴ്സ്' ആയിരുന്നുവെന്നും മോദി പറഞ്ഞു.
മമത ബാനര്‍ജിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനെയും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ജനങ്ങളെ പരിഗണിക്കാതെ അധികാരത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു 'ക്രൂരമായ സര്‍ക്കാര്‍' ആണ് ബംഗാള്‍ ഭരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനായാണ് തൃണമൂല്‍ കോണ്‍ഗ്രസ് കോടതിയില്‍ പോകുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങള്‍ പോലും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമ്പോള്‍, ഇന്ത്യയില്‍ ചിലര്‍ അവരെ സംരക്ഷിക്കാന്‍ സംഘടിത ശ്രമങ്ങള്‍ നടത്തുകയാണ്. ഇത്തരം നേതാക്കളെ എങ്ങനെയാണ് രാജ്യത്തെ യുവാക്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുക. നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യന്‍ യുവാക്കളുടെ ജോലിയും ഉപജീവനവും തട്ടിയെടുക്കുന്നു. ഗോത്രസമൂഹങ്ങളുടെ ഭൂമി കൈയേറുന്നു. ഇവരുടെ സാന്നിധ്യം നമ്മുടെ മക്കളുടെ ഭാവിയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിനെ കൂടാതെ കോണ്‍ഗ്രസ്, ഡി.എം.കെ, ഇടതുപക്ഷം എന്നീ പാര്‍ട്ടികളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഈ പാര്‍ട്ടികളെല്ലാം പതിറ്റാണ്ടുകളോളം അധികാരത്തിലിരുന്നിട്ടും ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നതിനേക്കാള്‍ സ്വന്തം കീശ വീര്‍പ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
രവനീത് സിങ് ബിട്ടു ഒരു സിഖുകാരനായതിനാലാണ് രാഹുല്‍ഗാന്ധി അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് വിളിച്ചതെന്നും നരേന്ദ്രമോദി ആരോപിച്ചു. 'കോണ്‍ഗ്രസിന്റെ രാജകുമാരന്‍ ഇന്നലെ ഈ സഭയിലെ ഒരു എംപിയെ രാജ്യദ്രോഹിയെന്ന് വിളിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ഇതിനുമുമ്പും പലരും പുറത്തുപോയിട്ടുണ്ട്, പാര്‍ട്ടി പലതവണ പിളര്‍ന്നിട്ടുണ്ട്, എന്നാല്‍ അദ്ദേഹം മറ്റാരെയും രാജ്യദ്രോഹി എന്ന് വിളിച്ചിട്ടില്ല. ഈ എംപി ഒരു സിഖുകാരനായതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ വിളിച്ചത്', പ്രധാനമന്ത്രി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
