/kalakaumudi/media/media_files/2025/09/21/modi-2025-09-21-13-09-54.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ച് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. എന്നാല്‍ ഏത് വിഷയത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഗുജറാത്തിലെ ഭാവ്‌നഗറില്‍ 34,200 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ശേഷമായിരിക്കും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ജിഎസ്ടി പരിഷ്‌കരണം നിലവില്‍വരുന്നതിന് തൊട്ടുതലേന്നാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. സെപ്റ്റംബര്‍ 22-നാണ് ജിഎസ്ടി പരിഷ്‌കരണം പ്രാബല്യത്തില്‍വരുന്നത്. ജി.എസ്.ടി. 2.0 എന്ന പേരില്‍ പ്രഖ്യാപിച്ച പുതിയ പരിഷ്‌കരണം ദീര്‍ഘനാളായി പല കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന രണ്ടാം തലമുറ ചരക്ക് സേവന നികുതി എന്ന ആവശ്യത്തിന്റെ ചുവടുപിടിച്ചാണ്. സമ്പദ്വ്യവസ്ഥയ്ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമായ ലളിതമായ നികുതി സംവിധാനം കൊണ്ടുവരണമെന്നതാണ് സര്‍ക്കാരിന്റ ലക്ഷ്യം.
സാധാരണക്കാര്‍ക്കും, കര്‍ഷകര്‍ക്കും, എംഎസ്എംഇകള്‍ക്കും, മധ്യവര്‍ഗത്തിനും, സ്ത്രീകള്‍ക്കും, യുവാക്കള്‍ക്കും പ്രയോജനം ചെയ്യുന്ന ജിഎസ്ടി നിരക്ക് കുറയ്ക്കലുകളും പരിഷ്‌കാരങ്ങളും സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്രവും സംസ്ഥാനങ്ങളും ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സില്‍ കൂട്ടായി സമ്മതിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഇത് പരാമര്‍ശിക്കാനുള്ള സാധ്യത ഏറെയാണ്.
ഇതിനുപുറമേ എച്ച്-1 ബി വിസയ്ക്കുള്ള വാര്‍ഷിക ഫീസ് നിരക്ക് യുഎസ് ഒരുലക്ഷം ഡോളറാക്കിയ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കുമോയെന്നും രാജ്യം ഉറ്റുനോക്കുന്നു. എച്ച്-1ബി വിസയുടെ വാര്‍ഷിക ഫീസ് കൂട്ടാനുള്ള അമേരിക്കയുടെ തീരുമാനം ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യയെയാണ്. നേരത്തെ ഇത് സംബന്ധിച്ചുള്ള ആശങ്ക വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിച്ചിരുന്നു.