/kalakaumudi/media/media_files/2025/07/19/modi-2025-07-19-15-55-47.jpg)
ന്യൂഡല്‍ഹി : മാലിദ്വീപിലേക്ക് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലൈ 25-26 തീയതികളില്‍ പ്രധാനമന്ത്രി മാലിദ്വീപ് സന്ദര്‍ശിക്കും. മാലിദ്വീപിന്റെ 60-ാമത് ദേശീയ ദിനാഘോഷങ്ങളില്‍ മോദി മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യ-മാലിദ്വീപ് സംഘര്‍ഷങ്ങള്‍ അവസാനിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദര്‍ശനം.
പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഭരണത്തിന്‍ കീഴില്‍ മോദി നടത്തുന്ന ആദ്യ മാലിദ്വീപ് സന്ദര്‍ശനമാണിത്. ചില മാലിദ്വീപ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ''ഇന്ത്യ ഔട്ട്'' പ്രചാരണമാണ് ഇന്ത്യ-മാലിദ്വീപ് സംഘര്‍ഷത്തിന് കാരണമായിരുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മാലിദ്വീപിലേക്കുള്ള യാത്രകള്‍ അവസാനിപ്പിച്ചിരുന്നു. നിലവിലെ ഭരണകൂടത്തിന്റെ ചൈന അനുകൂല നിലപാട് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കിയിരുന്നു.
എന്നാല്‍ അടുത്തകാലത്തായി മാലിദ്വീപ് മുഹമ്മദ് മുയിസു ഇന്ത്യയുമായുള്ള ബന്ധം വീണ്ടും ശക്തിപ്പെടുത്തുന്നതിനായി നിരവധി ഇടപെടലുകളാണ് നടത്തിയിരുന്നത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ തന്ത്രപ്രധാനമായ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു. ഇന്ത്യയുമായുള്ള സൗഹൃദം വീണ്ടും ശക്തിപ്പെടുത്തുന്നതിനുള്ള മാലിദ്വീപിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ദേശീയ ദിനാഘോഷത്തിന് മുഖ്യാതിഥിയായി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്.