നരേന്ദ്ര മോദി
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഒൻപതാം തിയ്യതി വൈകിട്ട് ആറിന് നടക്കുമെന്ന് സൂചന. നേരത്തെ ജൂൺ 8ന് സത്യപ്രതിജ്ഞ നടത്താനായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉടൻ ഔദ്യോഗിക അറിയിപ്പുണ്ടാകുെമന്നും എൻഡിഎ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
സത്യപ്രതിജ്ഞയ്ക്കായി ശുഭ മുഹൂർത്തത്തിനു വേണ്ടിയാണ് തീയതി മാറ്റിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചടങ്ങിൽ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ തുടങ്ങിയ ലോകനേതാക്കൾ പങ്കെടുക്കും. ഞായറാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽവച്ച് ചടങ്ങ് നടത്താനുള്ള സാധ്യതയും ബിജെപി നേതൃത്വം പരിഗണിക്കുന്നുണ്ട്.
അതേസമയം, എൻഡിഎ സഖ്യത്തിലെ നിർണായക കക്ഷിയായ ടിഡിപിയുടെ ആന്ധ്രാപ്രദേശിലെ സത്യപ്രതിജ്ഞാച്ചടങ്ങ് ജൂൺ 12ലേക്കും മാറ്റിയിട്ടുണ്ട്. മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം തിരക്കിട്ട് അമരാവതിയിലേക്ക് മടങ്ങാൻ ചന്ദ്രബാബു നായിഡുവിന് സാധിക്കാത്ത സാഹചര്യത്തിലാണ് തീയതി നീട്ടുന്നതെന്ന് ടിഡിപി വക്താവ് കെ. പട്ടാഭിരാം പറഞ്ഞു.