pm narendra modi and Russian President Vladimir Putin
മോസ്കോ: മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ റഷ്യൻ സന്ദർശനത്തിന് ഇന്ന് നരേന്ദ്ര മോദി.22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റ് വ്ളാദിമീർ പുടിനുമായി ഉഭയകക്ഷിചർച്ചകൾ നടത്തും.കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച വിശദമായ ചർച്ചകളും കരാറുകളും ഉണ്ടാകും.
റഷ്യ - യുക്രൈൻ സംഘർഷം ഉൾപ്പെടെ റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി മോദി ചർച്ച നടത്തുമെന്നാണ് വിവരം. റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിൻ ഇന്ന് നരേന്ദ്ര മോദിക്ക് അത്താഴ വിരുന്ന് നൽകും. നാളെ ഇരു നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി നടക്കും.
റഷ്യ വ്യാപാര സഹകരണം ശക്തമാക്കുന്നതിനുള്ള തീരുമാനവും ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതിനിടെ റഷ്യയിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും.മോദിയുടെ റഷ്യൻ സന്ദർശനം വളരെ പ്രധാനപ്പെട്ടതാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അജണ്ട വിപുലമാണ്. ഔദ്യോഗിക സന്ദർശനമാണ്.എന്നാൽ ഇരുരാഷ്‌ട്രത്തലവന്മാരും തമ്മിൽ അനൗപചാരിക സംഭാഷണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഈ സന്ദർശനം റഷ്യ-ഭാരത ബന്ധത്തിന് വളരെ നിർണായകമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങൾ ഇരുനേതാക്കളും അവലോകനം ചെയ്യും. പരസ്പര താത്പര്യമുള്ള സമകാലിക പ്രാദേശിക, ആഗോള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലേക്ക് പോകും. നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തുന്നത്. ഓസ്ട്രിയൻ പ്രസിഡൻറ്, ചാൻസലർ എന്നിവരുമായി ചർച്ച നടത്തുന്ന മോദി വിയന്നയിലും ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.