/kalakaumudi/media/media_files/2025/09/12/mizo-2025-09-12-19-03-23.jpg)
ഐസോള്‍: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം മിസോറാമിന്റെ തലസ്ഥാനമായ ഐസോളിലേക്ക് ട്രെയിന്‍ എത്തും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈരാബി - സൈറാങ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ പിറക്കുന്നത് പുതിയ ചരിത്രമാണ്.
വര്‍ഷങ്ങള്‍ നീണ്ട ആവശ്യങ്ങള്‍ക്ക് ശേഷമാണ് ഐസോളിലേക്ക് ട്രെയിന്‍ എത്തുന്നത്. റെയില്‍വേ പദ്ധതി കണക്റ്റിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്തുകയും മേഖലയിലെ സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഐസോള്‍ - ഡല്‍ഹി രാജധാനി എക്‌സ്പ്രസ്, ഐസോള്‍ - കൊല്‍ക്കത്ത എക്‌സ്പ്രസ്, ഐസോള്‍ - ഗുവാഹത്തി എക്‌സ്പ്രസ് എന്നിങ്ങനെ മൂന്ന് പുതിയ എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും.
ഈ ട്രെയിനുകള്‍ മിസോറാമിനെ പശ്ചിമ ബംഗാള്‍, ഡല്‍ഹി, അസം എന്നിവയുമായി ബന്ധിപ്പിക്കും. സൈറാങ് - കൊല്‍ക്കത്ത എക്‌സ്പ്രസ് ട്രെയിന്‍ ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് നടത്തും. മിസോറാമിനും പശ്ചിമ ബംഗാളിനും ഇടയില്‍ പ്രധാനപ്പെട്ട കണക്റ്റിവിറ്റി നല്‍കുന്നതാകും ഈ റൂട്ട്.
റെയില്‍വേ ലൈന്‍ തുറക്കുന്നതോടെ ഐസോള്‍ ആദ്യമായി ഇന്ത്യന്‍ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കപ്പെടും. ഇത് മിസോറാമിന് ഒരു പുതിയ തുടക്കമാകും. സൈറാങ് ഐസോളില്‍ നിന്ന് വെറും 18 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
മിസോറാമിന്റെ സാമൂഹിക - സാമ്പത്തിക വികസനം വേഗത്തിലാക്കുന്നെ റെയില്‍വേ ലൈന്‍ഐസോളിനെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കും. ഗുവാഹത്തി, അഗര്‍ത്തല, ഇറ്റാനഗര്‍ എന്നിവയ്ക്ക് ശേഷം ഇന്ത്യന്‍ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന നാലാമത്തെ വടക്കുകിഴക്കന്‍ സംസ്ഥാന തലസ്ഥാനമാണ് ഐസോള്‍.
ഈ പുതിയ റെയില്‍ ലിങ്ക് മിസോറാമിന്റെ തലസ്ഥാനത്തെ സില്‍ച്ചാര്‍ വഴി ദേശീയ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നു. ഇതിലൂടെ റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനാകും. കച്ചവട സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനും സാധിക്കും.
51.38 കിലോമീറ്റര്‍ നീളമുള്ള ഈ റെയില്‍വേ ലൈന്‍
51.38 കിലോമീറ്റര്‍ നീളമുള്ള ഈ റെയില്‍വേ ലൈന്‍ മിസോറാമിന്റെ മലനിരകളിലൂടെ കടന്നുപോകുന്നതാണ്. റെയില്‍ ലൈനില്‍ 48 തുരങ്കങ്ങളും 55 വലിയ പാലങ്ങളും 87 ചെറിയ പാലങ്ങളുമുണ്ട്. ഈ റെയില്‍വേ ലൈന്‍ വരുന്നതോടെ വ്യാപാരം, വിനോദസഞ്ചാരം, സാമ്പത്തിക വളര്‍ച്ച എന്നിവയ്ക്ക് പുതിയ സാധ്യതകള്‍ തുറക്കും.
റെയില്‍വേ ലൈനിലെ പ്രധാന ആകര്‍ഷണം പാലം നമ്പര്‍ 196 ആണ്. ഇതിന് 104 മീറ്റര്‍ ഉയരമുണ്ട്. ഇത് ഡല്‍ഹിയിലെ കുത്തബ് മിനാറിനെക്കാള്‍ 42 മീറ്റര്‍ ഉയരമുള്ളതാണ്. വടക്കുകിഴക്കന്‍ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാലമാണിത്.
8,215 കോടി രൂപയാണ് ഈ പദ്ധതിയുടെ നിര്‍മാണ ചെലവ്. ഈ പദ്ധതി മിസോറാമിന്റെ ഗതാഗത ചെലവ് കുറയ്ക്കും. അതുപോലെ വ്യാപാരവും വിനോദസഞ്ചാരവും മെച്ചപ്പെടുത്തും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സാമൂഹിക-സാമ്പത്തിക വികസനം വേഗത്തിലാക്കുകയും ചെയ്യും. പുതിയ റെയില്‍വേ ലൈന്‍ വരുന്നതോടെ ഗതാഗത ചെലവ് കുറയും, വ്യാപാരം മെച്ചപ്പെടും, തൊഴിലവസരങ്ങള്‍ കൂടുകയും പ്രദേശിക വികസനം സാധ്യമാകുകയും ചെയ്യും.