അനുപം ഖേര്‍
മുംബൈ: ബോളിവുഡ് താരം അനുപം ഖേറിന്റെ മുംബൈയിലെ ഓഫീസില്‍ മോഷണം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മജീദ് ഷെയ്ഖ്, മുഹമ്മദ് ദലേര്‍ ബഹ്രീം ഖാന്‍ എന്നീ രണ്ട് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. പിടിയിലായ രണ്ടു പ്രതികളും സ്ഥിരം മോഷ്ടാക്കളാണ് എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാമില്‍ ഇത് സംബന്ധിച്ച് അനുപം ഖേര്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
മുംബൈയിലെ ജോഗേശ്വരി മേഖലയില്‍ നിന്നാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. ഇരുവരും ഓട്ടോയില്‍ മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ കറങ്ങി മോഷണം നടത്തുന്നവരാണ്. അനുപം ഖേറിന്റെ ഓഫീസില്‍ മോഷണം നടത്തിയ അതേ ദിവസം തന്നെ വിലെ പാര്‍ലെ മേഖലയിലും ഇവര്‍ മോഷണം നടത്തിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
അനുപം തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പങ്കുവച്ച വീഡിയോയില്‍ മുംബൈയിലെ തന്റെ ഓഫീസില്‍ നിന്ന് പണവും ചില ഫിലിം നെഗറ്റീവുകളും മോഷ്ടിക്കപ്പെട്ടതായി അറിയിക്കുകയായിരുന്നു. ഇതോടൊപ്പം കേസിന്റെ മുഴുവന്‍ വിവരങ്ങളും അനുപം പങ്കുവെച്ചിരുന്നു.
പൊലീസ് എഫ്‌ഐആര്‍ പ്രകാരം നാല് ലക്ഷം രൂപയും, 2005 ല്‍ അനുപം ഖേര്‍ നിര്‍മ്മിച്ച നാഷണല്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ച 'ഗാന്ധി കോ നഹി മാരാ' എന്ന ചിത്രത്തിന്റെ നെഗറ്റീവുമാണ് നഷ്ടപ്പെട്ടത്.