ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷൻ ഓഫീസിൽ പൊലീസ് പരിശോധന

സ്വന്തം മകൾക്ക് വിവാഹ ജീവിതവും സുരക്ഷിത ഭാവിയും ഉറപ്പ് വരുത്തിയ ഇഷ ഫൗണ്ടേഷൻറെ സ്ഥാപകനായ ജഗ്ഗി വാസുദേവ് എന്തിനാണ് മറ്റ് യുവതികളെ സന്യാസത്തിന് നിർബന്ധിക്കുന്നതെന്നായിരുന്നു മദ്രാസ് ഹൈക്കോടതി  ചോദിച്ചത്.

author-image
anumol ps
New Update
vasudev

ജഗ്ഗി വാസുദേവ്

 

കോയമ്പത്തൂർ: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ ഓഫീസിൽ പൊലീസ് പരിശോധന. മദ്രാസ് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പൊലീസ് നടപടി. രണ്ട് പെൺമക്കൾ യോഗ സെന്ററിൽ അടിമകളായി ജീവിക്കുന്നുവെന്ന കോയമ്പത്തൂർ സ്വദേശിയുടെ പരാതിയിലാണ് പരിശോധന നടക്കുന്നത്.

കോയമ്പത്തൂർ സ്വദേശിയായ മുൻ പ്രൊഫസർ സമർപ്പിച്ച ഹെബിയസ് കോർപ്പസ് ഹർജിയിൽ സദ്ഗുരു ജഗ്ഗി വാസുദേവിനോട് പ്രസക്തമായ ചോദ്യങ്ങൾ ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സ്വന്തം മകൾക്ക് വിവാഹ ജീവിതവും സുരക്ഷിത ഭാവിയും ഉറപ്പ് വരുത്തിയ ഇഷ ഫൗണ്ടേഷൻറെ സ്ഥാപകനായ ജഗ്ഗി വാസുദേവ് എന്തിനാണ് മറ്റ് യുവതികളെ സന്യാസത്തിന് നിർബന്ധിക്കുന്നതെന്നായിരുന്നു മദ്രാസ് ഹൈക്കോടതി  ചോദിച്ചത്. സദ്ഗുരുവിന്റെ മകൾ വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുമ്പോൾ മറ്റു യുവതികളെ സന്യാസത്തിന് നിർബന്ധിക്കുന്നത് ശരിയാണോയെന്ന് കോടതി ചോദിച്ചു. 

ഇഷ യോഗ സെൻററിൽ തല മൊട്ടയടിച്ച് ലൗകികസുഖം ത്യജിച്ച് യുവതികൾ ജീവിക്കുകയാണെന്ന് ചൂണ്ടികാട്ടിയ കോടതി, സദ്ഗുരു എന്തിനാണ് അവരെ പ്രോത്സാഹിപ്പിക്കുന്നതെന്നും ചോദിച്ചു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയുടെ നിർദേശ പ്രകാരം ഫൗണ്ടേഷൻ ഓഫീസിൽ പൊലീസ് നടപടി നടത്തുന്നത്. രണ്ട് പെണ്മക്കൾ കുടുംബം ഉപേക്ഷിച്ച് സെന്ററിൽ ജീവിക്കുന്നു എന്നായിരുന്നു കോയമ്പത്തൂർ സ്വദേശിയുടെ ഹർജിയിലെ പരാതി. ചില മരുന്നുകൾ ഭക്ഷണത്തിൽ കലർത്തി നൽകി യുവതികളെ അടിമകൾ ആക്കിയെന്നും മക്കൾ ഇല്ലാത്ത ജീവിതം നരകമാണെന്നും ഹർജിക്കാരൻ ചൂണ്ടികാട്ടി. ഇഷ ഫൗണ്ടേഷൻ ഉൾപ്പെട്ട കേസുകളിലെ നടപടികൾ അറിയിക്കാൻ തമിഴ്നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

isha foundation