/kalakaumudi/media/media_files/2025/08/27/vijay-speech-students1-2025-08-27-14-02-06.jpg)
ചെന്നൈ: മധുരയിൽ വച്ച് നടന്ന ടിവികെ സംസ്ഥാന സമ്മേളനത്തിനിടെ ബൗൺസർമാർ കയ്യേറ്റം ചെയ്തെന്ന യുവാവിന്റെ പരാതിയിൽ നടൻ വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്. സമ്മേളനത്തിൽ വിജയ്ക്ക് സുരക്ഷ ഒരുക്കിയിരുന്ന ബൗൺസർമാർ താരത്തിന് സമീപത്തെത്തിയ യുവാവിനെ എടുത്തെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടന് എതിരെയും ബൗൺസർമാർക്കെതിരെയും കേസ് എടുത്തിരിക്കുന്നത്. നടനെ അടുത്തു കാണാൻ ശ്രമിച്ച തന്നെ ബൗൺസർമാർ കയ്യേറ്റം ചെയ്തതായി പരാതിക്കാരനായ ശരത് കുമാർ ആരോപിച്ചു.
റാമ്പിലൂടെ നടക്കുകയായിരുന്ന വിജയെ അടുത്ത് കാണാനായി യുവാവ് എത്തിയതോടെയാണ് സംഭവം. ഏഴ് അടി ഉയരമുള്ള റാമ്പിലൂടെയാണ് താരം നടന്നുവന്നത്. എന്നാൽ യുവാവ് വിജയുടെ അടുത്ത് എത്തിയതോടെ സുരക്ഷ ഒരുക്കിയിരുന്ന ബൗൺൺസർമാർ യുവാവിനെ പിടികൂടുകയും താഴേക്ക് വലിച്ചെറിയുകയുമായിരുന്നു. ഇത്തരത്തിൽ നിരവധി പേരെ ബൗൺസർമാർ തള്ളിമാറ്റിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചൊവാഴ്ച പെരമ്പല്ലൂർ പൊലീസ് സ്റ്റേഷനിലാണ് യുവാവ് പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിതയുടെ 189(2), 296(ബി), 115(I) എന്നീ വകുപ്പുകൾ പ്രകാരമാണ് വിജയ്‌ക്കും ബൗൺസർമാർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.