ന്യൂഡല്‍ഹി: ബിഹാറില്‍ നടക്കുന്ന 'വോട്ടര്‍ അധികാര്‍ യാത്ര'യ്ക്കിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പ് ഇടിച്ചു പൊലീസുകാരന് പരിക്ക്. നവാഡയിലെ തിരക്കേറിയ തെരുവിലാണ് പൊലീസുകാരന്റെ കാലിലേക്ക് ജീപ്പ് ഇടിച്ചു കയറിയത്. കോണ്‍ഗ്രസ് അനുയായികളും പൊലീസുകാരും ഉടന്‍ തന്നെ വാഹനം പിന്നിലേക്ക് തള്ളിമാറ്റി പൊലീസുകാരനെ രക്ഷപ്പെടുത്തി.
ജീപ്പിന്റെ ചക്രങ്ങള്‍ക്കടിയില്‍നിന്നു മോചിതനായ ശേഷം പൊലീസുകാരന്‍ മുടന്തി ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. രാഹുല്‍ ഗാന്ധി കുപ്പിവെള്ളം പൊലീസുകാരനു നല്‍കിയ ശേഷം അനുയായികളോട് അദ്ദേഹത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്തുനല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് പൊലീസുകാരനെ കണ്ട രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ പരുക്കിനെപ്പറ്റി അന്വേഷിച്ചു.
പൊലീസ് കോണ്‍സ്റ്റബിള്‍ രാഹുല്‍ ഗാന്ധിയുടെ ജീപ്പിനിടിയില്‍ ചതഞ്ഞുപോയെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം രാജകുമാരന്‍ അദ്ദേഹത്തെ പരിശോധിക്കാന്‍ പോലും ജീപ്പിനു പുറത്തിറങ്ങിയില്ലെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.