‘ഐഎഎസ് റദ്ദാക്കാൻ യുപിഎസ്‌സിക്ക് അധികാരമില്ല, ’: പൂജ ഖേദ്കർ

ഐഎഎസ് ലഭിക്കുന്നതിനായി ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവയിൽ കൃത്രിമം കാട്ടിയതായി കണ്ടെത്തിയതിനെ തുടർന്ന് പൂജ ഖേദ്കറിന്റെ ഐഎഎസ് സിലക്‌ഷൻ യുപിഎസ്‍സി റദ്ദാക്കിയിരുന്നു. 

author-image
Vishnupriya
New Update
pooja khedkar
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: തന്റെ ഐഎഎസ് പദവി റദ്ദാക്കാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന് (യുപിഎസ്‌സി)  അധികാരമില്ലെന്ന് ഐഎഎസ് മുൻ പ്രബേഷൻ ഓഫിസർ പൂജ ഖേദ്കർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഐഎഎസ് ലഭിക്കുന്നതിനായി ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവയിൽ കൃത്രിമം കാട്ടിയതായി കണ്ടെത്തിയതിനെ തുടർന്ന് പൂജ ഖേദ്കറിന്റെ ഐഎഎസ് സിലക്‌ഷൻ യുപിഎസ്‍സി റദ്ദാക്കിയിരുന്നു. 

കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നൽകിയതിനു പിന്നാലെയാണ് പൂജ ഖേദ്കറിന്റെ ഐഎഎസ് സിലക്‌ഷൻ റദ്ദാക്കിയത്. പൂണെയിലെ സബ് കലക്ടറായിരുന്ന പൂജയുടെ അധികാര ദുർവിനിയോഗം വാർത്തയായതിനെ തുടർന്നാണ് തട്ടിപ്പുകൾ പുറത്തായത്. തുടർന്ന് ഇവരെ സ്ഥലം മാറ്റി. പിന്നാലെ ഇവരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുയർന്നു. മസൂറിയിലെ ലാൽ ബഹാദുർ ശാസ്ത്രി നാഷനൽ അക്കാദമി ഒഫ് അഡ്മിനിസ്ട്രേഷൻ പൂജയെ തിരിച്ചുവിളിച്ച് നടപടി ആരംഭിച്ചു. യുപിഎസ്‍സി പരീക്ഷയിൽ 841-ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്. അഹമ്മദ്‌നഗർ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.

‘ഒരിക്കൽ പ്രബേഷനറി ഓഫിസറായി നിയമനം നൽകിയാൽ യുപിഎസ്‌സിക്ക് അയോഗ്യത കൽപിക്കാൻ അധികാരമില്ല. കേന്ദ്ര സർക്കാരിന്റെ പഴ്സനൽ മന്ത്രാലയത്തിനാണ് അതിനുള്ള അധികാരം’– മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ പൂജ കോടതിയിൽ വ്യക്തമാക്കി. യുപിഎസ്‌സിക്ക് തെറ്റായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും പൂജ വാദിച്ചു. ബയോമെട്രിക് സംവിധാനത്തിലൂടെയാണ് തന്റെ തിരിച്ചറിയൽ രേഖകൾ യുപിഎസ്‌സി പരിശോധിച്ചത്. തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്നോ തെറ്റുകളുണ്ടെന്നോ കമ്മിഷൻ കണ്ടെത്തിയിരുന്നില്ല. പഴ്സനൽ മന്ത്രാലയവും രേഖകൾ പരിശോധിച്ചിരുന്നതായും പൂജ കോടതിയെ അറിയിച്ചു. പൂജ ഗുരുതര തട്ടിപ്പുകൾ നടത്തിയതായാണ് യുപിഎസ്‌സി കോടതിയെ അറിയിച്ചത്. പൂജയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, സെപ്റ്റംബർ അഞ്ചുവരെ അറസ്റ്റ് തടഞ്ഞു.

Pooja Khedkar ias