പ്രജ്വൽ രേവണ്ണ
ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ വിദേശത്തേക്ക് പറന്ന എംപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വൽ രേവണ്ണ വിമാനം ബോർഡ് ചെയ്തതായി എസ്ഐടി. ലുഫ്താൻസ വിമാനത്തിൽ തന്നെ ആണ് പ്രജ്വൽ വരുന്നത്. കാലാവസ്ഥ മോശമായത് കാരണം ഫ്ലൈറ്റ് 31 മിനിറ്റ് വൈകും. ബലാത്സംഗദൃശ്യങ്ങൾ അടക്കമുള്ള അശ്ലീലവീഡിയോകൾ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രജ്വൽ രാജ്യം വിട്ടത്. സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ച വീഡിയോകൾ വൻവിവാദങ്ങളാണ് രാജ്യത്തുണ്ടാക്കിയത്.
അതേസമയം, പ്രജ്വൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ബെംഗളുരുവിൽ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് പ്രജ്വൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ കേസ് അടിയന്തരമായി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. ഹർജി ചൊവ്വാഴ്ച തന്നെ പരിഗണിക്കണമെന്ന പ്രജ്വലിന്‍റെ അഭിഭാഷകന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. പ്രത്യേകാന്വേഷണ സംഘത്തിന് ഹർജിയിൽ കോടതി നോട്ടീസയച്ചിട്ടുണ്ട്. കേസ് മെയ് 31-നെ പരിഗണിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.