ക്ഷേത്രങ്ങളിലെ പ്രസാദ നിര്‍മാണം പുറംകരാര്‍ കൊടുക്കുന്നത് നിരോധിക്കണം: അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി

തിരുപ്പതി ക്ഷേത്രത്തില്‍ പുറംകരാറിലൂടെ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ആവശ്യം

author-image
Vishnupriya
New Update
dc
Listen to this article
0.75x1x1.5x
00:00/ 00:00

അയോധ്യ: ക്ഷേത്രങ്ങളിലെ പ്രസാദ നിര്‍മ്മാണം പുറത്ത് കരാര്‍ കൊടുക്കുന്നത് നിരോധിക്കണമെന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. തിരുപ്പതി ക്ഷേത്രത്തില്‍ പുറംകരാറിലൂടെ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ആവശ്യം. രാജ്യത്തുടനീളം വില്‍ക്കപ്പെടുന്ന നെയ്യിന്റെ പരിശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച സത്യേന്ദ്ര ദാസ്, പ്രസാദ നിര്‍മ്മാണം ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ നടത്താന്‍ പാടുള്ളൂവെന്നും വ്യക്തമാക്കി.

'തിരുപ്പതി ബാലാജിയുടെ പ്രസാദത്തില്‍ മൃഗക്കൊഴുപ്പുണ്ടെന്ന വിവാദം രാജ്യത്തുടനീളം വ്യാപിക്കുകയാണ്. രോഷാകുലരായ ഭക്തര്‍ അന്വേഷണം ആവശ്യപ്പെടുകയാണ്. പൂജാരിമാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ പ്രസാദം നിര്‍മ്മിക്കാന്‍ പാടുള്ളൂ. അങ്ങനെ നിര്‍മ്മിക്കുന്ന പ്രസാദം മാത്രമേ ഭഗവാന് സമര്‍പ്പിക്കാന്‍ പാടുള്ളൂ.' -വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

'രാജ്യത്ത് വില്‍ക്കപ്പെടുന്ന എണ്ണയുടേയും നെയ്യിന്റേയും പരിശുദ്ധി കൃത്യമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. വഴിപാടുകളില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തുകൊണ്ട് രാജ്യത്തെ ആശ്രമങ്ങളുടേയും ക്ഷേത്രങ്ങളുടേയും വിശുദ്ധി തകര്‍ക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്.' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുകൂടാതെ, രാജ്യത്ത് വില്‍ക്കുന്ന എണ്ണയുടേയും നെയ്യിന്റേയും പരിശുദ്ധി കര്‍ശനമായി പരിശോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മധുരപലഹാരങ്ങള്‍ക്ക് പകരം വഴിപാടായി ഡ്രൈ ഫ്രൂട്ട്‌സും നാളികേരവും കൊണ്ടുവന്നാല്‍ മതിയെന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ ചില ക്ഷേത്രങ്ങള്‍ ഭക്തരോട് നിര്‍ദ്ദേശിച്ചതായും പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ayodhya ram mandir thirupathi laddoo