പട്ന: തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. തിരഞ്ഞെടുപ്പിനായി പ്രശാന്ത് കിഷോർ സ്വന്തമായി ഒരു പാർട്ടി രൂപീകരിച്ചിരുന്നു. 'ജൻ സൂരജ് പാർട്ടി'യെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി അംഗീകരിച്ചു. ഇതോടെയാണ് പ്രശാന്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്.
ഇന്ത്യൻ ഫോറിൻ സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ മനോജ് ഭാരതിയാണ് പാർട്ടിയെ നയിക്കുന്നത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സംസ്ഥാനത്തെ മദ്യനിരോധനം അവസാനിപ്പിക്കുമെന്നും വരുമാനം വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
ബിഹാറിൽ, കഴിഞ്ഞ 30 വർഷമായി ജനങ്ങൾ ആർ.ജെ.ഡിക്കോ ബി.ജെ.പിക്കോ വോട്ടുചെയ്യുന്നു. ആ നിർബന്ധം അവസാനിപ്പിക്കണമെന്ന് പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളും സന്ദർശിച്ച് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ബോധവത്കരിക്കുക, നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി വോട്ട് ചെയ്യാതിരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസം, കൃഷി, തൊഴിൽ ഉൾപ്പെടെയുള്ളവയിൽ സംസ്ഥാനത്തിൻ്റെ പുരോഗതിക്കായി പ്രവർത്തിക്കുക മുതലായവയാണ് താൻ ലക്ഷ്യമിടുന്നതെന്ന് കിഷോർ വ്യക്തമാക്കി.
രാഷ്ട്രീയപ്പാർട്ടി രൂപികരിച്ച് പ്രവർത്തനം ആരംഭിക്കുമെന്ന് ഈ വർഷം ആദ്യം പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചിരുന്നു. തൻ്റെ ജൻ സൂരജ് പാർട്ടി ജനങ്ങൾക്ക് ഒരു പുതിയ ബദൽ വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് വർഷത്തിലേറെയായി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് അദ്ദേഹം, തന്റെ ആശയങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അടുത്ത ഘട്ടത്തിൽ ബിഹാർ നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാരങ്ങളുടെ ഒരു രൂപരേഖ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.