സുപ്രിം കോടതി വിധിക്കെതിരെ നിർണായക നീക്കവുമായി രാഷ്ട്രപതി ദ്രൗപദി മുർമു

നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു.

author-image
Anitha
Updated On
New Update
sjfshfsbcab

ഡൽഹി : ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നിർണായക നീക്കവുമായി രാഷ്ട്രപതി. നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. തീരുമാനം ചോദ്യം ചെയ്ത് രാഷ്ട്രപതി, പ്രസിഡൻഷ്യൽ റഫറൻസിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച് പതിനാല് ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് നിർവചിക്കാനാകുമോ എന്നും രാഷ്ട്രപതി ചോദിക്കുന്നു.

സമയപരിധി നിശ്ചയിച്ച വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിൽ വ്യക്തത തേടിയാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റെഫറൻസിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങൾ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവർണർമാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്‌ട്രപതി റെഫറൻസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സുപ്രീം കോടതിയോട് രാഷ്‌ട്രപതി വ്യക്തത തേടിയ പ്രധാനപ്പെട്ട വിഷയങ്ങൾ ഇവയാണ്.

  • നിയമസഭകൾ പാസ്സാക്കിയ ബില്ലുകൾ ലഭിക്കുമ്പോൾ ഭരണഘടനയുടെ 200-ആം അനുച്ഛേദ പ്രകാരം ഗവർണർമാർക്ക് മുന്നിലുള്ള ഭരണഘടനപരമായ മാർഗ്ഗങ്ങൾ എന്തൊക്കെ?
  • ബില്ലുകളിൽ തീരുമാനമെടുക്കുന്ന കാര്യത്തിൽ മന്ത്രിസഭയുടെ സഹായവും ഉപദേശം അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർമാർ ബാധ്യസ്ഥർ ആണോ?
  • 200- ആം അനുച്ഛേദ പ്രകാരം ഗവർണർമാർ ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ?
  • ഭരണഘടനയുടെ 200-ആം അനുച്ഛേദ പ്രകാരം ഗവർണർമാർ എടുക്കുന്ന തീരുമാനങ്ങൾ കോടതികൾക്ക് പരിശോധിക്കാനാകുമോ?
  • ഭരണഘടനയുടെ 361-ആം അനുച്ഛേദ പ്രകാരമുള്ള പരിരക്ഷ ഈ തീരുമാനങ്ങൾക്ക് ബാധകമല്ലേ?
  • ബില്ലുകളിൽ തീരുമാനം എടുക്കാൻ ഭരണഘടനയിൽ ഗവർണർമാർക്ക് സമയപരിധി വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാൽ കോടതിക്ക് സമയപരിധിയും എങ്ങനെ തീരുമാനമെടുക്കണമെന്നും ഉള്ള ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമോ?
  • 201-ആം അനുച്ഛേദപ്രകാരം രാഷ്‌ട്രപതി ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ?
  • ബില്ലുകളിൽ തീരുമാന മെടുക്കാൻ ഭരണഘടനയിൽ രാഷ്ട്രപതിക്ക് സമയപരിധി വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാൽ കോടതിക്ക് സമയപരിധിയും എങ്ങനെ തീരുമാനം എടുക്കണമെന്നുമുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമോ?
  • ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് ഭരണഘടനയുടെ 143-ആം അനുച്ഛേദ പ്രകാരം രാഷ്‌ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടത് ഉണ്ടോ?
  • ബില്ലുകൾ നിയമം ആകുന്നതിന് മുൻപ് അതിലെ ഉള്ളടക്കം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതികൾക്ക് അധികാരം ഉണ്ടോ?
  • നിയമം നിലവിൽ വരുന്നതിന് മുമ്പ് ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണർമാരും എടുക്കുന്ന തീരുമാനങ്ങളിൽ ജുഡീഷ്യൽ പരിശോധന ആകാമോ?
  • രാഷ്ട്രപതിയും ഗവർണർമാരുടെയും ഭരണഘടനപരമായ അധികാരങ്ങളും ഉത്തരവുകളും മറികടക്കാൻ അനുച്ഛേദം 142 പ്രകാരം കോടതിക്ക് കഴിയുമോ?
  • നിയമസഭാ പാസ്സാക്കുന്ന ബില്ല് ഗവർണറുടെ അംഗീകാരം ഇല്ലാതെ നിയമമായി മാറാൻ കഴിയുമോ?
  • ഭരണഘടന വ്യാഖ്യാനങ്ങൾ ഉള്ള വിഷയങ്ങൾ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് അല്ലേ പരിഗണിക്കേണ്ടത്?
  • മൗലിക അവകാശ ലംഘനം ഉണ്ടാകുമ്പോൾ സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാൻ അധികാരം നൽകുന്ന ഭരണഘടനയുടെ 32 ആം അനുച്ഛേദം ഉപയോഗിച്ച് കേന്ദ്ര സർക്കാരിന് എതിരെ സംസ്ഥാനങ്ങൾ നൽകുന്ന റിട്ട് ഹർജി നിലനിൽക്കുമോ?
  • സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന് എതിരെ ഭരണഘടനയുടെ 131-ആം അനുച്ഛേദ പ്രകാരം സ്യൂട്ട് ഹർജി അല്ലേ നൽകേണ്ടത്?

 

നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവർണർമാർക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് തമിഴ് നാട് ഗവർണർ കേസിൽ പുറപ്പെടുവിച്ചത് ജസ്റ്റിസ് മാരായ ജി ബി പർഡിവാല, ആർ മഹാദേവൻ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ്. ഈ ബെഞ്ച് പുറപ്പെടുവിച്ച വിധിക്ക് എതിരെ സർക്കാരിന് പുനഃപരിശോധന ഹർജി നൽകാവുന്നത് ആയിരുന്നു. എന്നാൽ പുനഃപരിശോധന ഹർജി അതെ ബെഞ്ച് തന്നെ പരിഗണിക്കും എന്നതിനാൽ അതിൽ അനുകൂല ഉത്തരവ് ഉണ്ടാകാൻ സാധ്യത കുറവാണ് എന്ന വിലയിരുത്തൽ കേന്ദ്ര സർക്കാരിന് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ആണ് രാഷ്ട്രപതിയുടെ നിർണായക നീക്കം.

 

draupadi murmu supreame court