/kalakaumudi/media/media_files/2025/02/10/8DGo7E67Faj3L4QPUfAu.jpg)
President Droupadi Murmu
ലക്‌നൗ :രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് പ്രയാഗ്രാജില്‍ എത്തി മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തും. പുണ്യസ്‌നാനത്തിന് ശേഷം അക്ഷയവത് , ഹനുമാന്‍ മന്ദിര്‍ എന്നിവിടങ്ങളില്‍ പൂജയും ദര്‍ശനവും നടത്തും.
എട്ട് മണിക്കൂറോളം മഹാകുംഭമേളയില്‍ തങ്ങുമെന്നാണ് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിക്കൊപ്പമുണ്ടാകും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തിലുടനീളം കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പൗഷ് പൗര്‍ണമിയായ ജനുവരി 13നാണ് കുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26ന് മഹാശിവരാത്രിയിലാണ് കുംഭമേള അവസാനിക്കുക. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ഗംഗ, യമുന പുരാണ സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തില്‍ ഏകദേശം 400 ദശലക്ഷം ഭക്തര്‍ പുണ്യസ്നാനം നടത്തി എന്നാണ് റിപ്പോര്‍ട്ട്.
മകരസംക്രാന്തി, മൗനി അമാവാസി, ബസന്ത് പഞ്ചമി എന്നീ മൂന്ന് പ്രധാന അമൃത് സ്നാനങ്ങള്‍ പൂര്‍ത്തിയായതിനു ശേഷവും തീര്‍ത്ഥാടകരുടെ ഒഴുക്കാണ്. പ്രധാന സ്നാന ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒത്തുകൂടിയത് മൗനി അമാവാസിയിലായിരുന്നു. 8 കോടി ഭക്തര്‍ പുണ്യസ്നാനം നടത്തി. മകരസംക്രാന്തിയില്‍ 3.5 കോടി ഭക്തരും ബസന്ത് പഞ്ചമിയില്‍ 2.57 കോടി ഭക്തരും സ്നാനമേറ്റു. പൗഷ പൂര്‍ണിമ, ജനുവരി 30, ഫെബ്രുവരി 1 തുടങ്ങിയ മറ്റ് പ്രധാന ദിവസങ്ങളിലും ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തു .
നിരവധി രാഷ്ട്രീയ നേതാക്കളും, സെലിബ്രിറ്റികളും, ആത്മീയ വ്യക്തികളും മഹാ കുംഭമേളയില്‍ പങ്കെടുത്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, ഭൂട്ടാന്‍ രാജാവ് പോലുള്ള അന്താരാഷ്ട്ര നേതാക്കള്‍, നേപ്പാളിലെ ഒരു എംപി എന്നിവര്‍ കുംഭ മേളയില്‍ പങ്കെടുത്തു.
പ്രതിപക്ഷ നേതാക്കളും വിവിധ മേഖലകളില്‍ നിന്നുള്ള സെലിബ്രിറ്റികളും പുണ്യ ചടങ്ങില്‍ പങ്കുചേര്‍ന്നു. ഹേമ മാലിനി, അനുപം ഖേര്‍, ഭാഗ്യശ്രീ തുടങ്ങിയ ബോളിവുഡ് താരങ്ങളും സൈന നെഹ്വാള്‍, സുരേഷ് റെയ്ന, അന്താരാഷ്ട്ര ഗുസ്തി താരം ഖാലി തുടങ്ങിയ കായിക താരങ്ങളും പുണ്യ ചടങ്ങില്‍ പങ്കെടുത്തു. പ്രശസ്ത കവി കുമാര്‍ വിശ്വാസ്, മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവരും ഈ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായിട്ടുണ്ട്.