നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണം നൽകി രാഷ്ട്രപതി ദ്രൗപതി മുര്‍മു. മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മോദിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് രാഷ്ട്രപതി ക്ഷണിച്ചത്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും.
ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ എന്നിവരും വരും മോദിക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. സഖ്യകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും മോദി രാഷ്ട്രപതിക്ക് കൈമാറി. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ എന്‍ഡിഎയിലെ മറ്റു ഘടകകക്ഷികളുടെ പിന്തുണയോടെ മാത്രമേ ബിജെപിക്ക് സര്‍ക്കാര്‍ രൂപവത്കരണം സാധ്യമാകൂ.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദിയെ നേതാവായി തിരഞ്ഞെടുത്തത്. യോഗത്തില്‍ സംസാരിക്കാൻ രാജ്യം ഭരിക്കാന്‍ സമവായം ആവശ്യമാണെന്നും മോദി പറഞ്ഞു.
യോഗത്തിന് എത്തിച്ചേര്‍ന്ന ഘടകകക്ഷി നേതാക്കളോടും തിരഞ്ഞെടുക്കപ്പെട്ട എം.പിമാരോടും മോദി നന്ദി പറഞ്ഞു. ഇത്രയും വലിയ സംഘത്തെ വരവേല്‍ക്കാന്‍ സാധിച്ചത് സന്തോഷമുള്ള കാര്യമാണ്. വിജയിച്ചവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. രാവും പകലും അധ്വാനിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. എന്‍.ഡി.എ സഖ്യം ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞിരുന്നു.