കാര്‍ഗില്‍ വിജയ് ദിവസ് ; ധീര സൈനികര്‍ക്ക് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യം

ഇന്ത്യന്‍ സൈന്യത്തിലെ ധീരരായ സൈനികരുടെ അസാധാരണമായ വീര്യത്തിന്റെയും ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് ഇന്നത്തെ ദിവസമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു വ്യക്തമാക്കി.

author-image
Biju
New Update
kar2

ന്യൂഡല്‍ഹി : ഇന്ന് ഇന്ത്യ കാര്‍ഗില്‍ വിജയ് ദിവസിന്റെ 26-ാം വാര്‍ഷികം ആചരിക്കുകയാണ്. ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും കാര്‍ഗിലില്‍ വീര മൃത്യു വരിച്ച ധീര സൈനികര്‍ക്ക് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു. 1999ല്‍ 84 ദിവസങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഇന്ത്യ പാകിസ്താന് മേല്‍ നേടിയ വീര വിജയത്തിന്റെ സ്മരണയിലാണ് ഇന്ന് രാജ്യം.

ഇന്ത്യന്‍ സൈന്യത്തിലെ ധീരരായ സൈനികരുടെ അസാധാരണമായ വീര്യത്തിന്റെയും ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് ഇന്നത്തെ ദിവസമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു വ്യക്തമാക്കി. ''കാര്‍ഗില്‍ വിജയ് ദിവസ് ദിനത്തില്‍, മാതൃരാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികര്‍ക്ക് ഞാന്‍ എന്റെ ഹൃദയംഗമമായ ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഈ ദിവസം നമ്മുടെ ജവാന്മാരുടെ അസാധാരണമായ വീര്യത്തെയും ധൈര്യത്തെയും ദൃഢനിശ്ചയത്തെയും പ്രതീകപ്പെടുത്തുന്നു. രാഷ്ട്രത്തിനായുള്ള അവരുടെ സമര്‍പ്പണവും പരമമായ ത്യാഗവും പൗരന്മാരെ എന്നെന്നേക്കും പ്രചോദിപ്പിക്കും,'' എന്ന് രാഷ്ട്രപതി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.

ഇന്ത്യയുടെ സായുധ സേനയുടെ അതുല്യമായ ധൈര്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകീര്‍ത്തിച്ചു. മാതൃരാജ്യത്തിനുവേണ്ടി മരിക്കാനുള്ള സൈനികരുടെ മനോഭാവം ഭാവി തലമുറകള്‍ക്കും പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. ''രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ സൈനികരുടെ അതുല്യമായ ധൈര്യവും വീര്യവും ഈ അവസരം രാജ്യത്തിന് ഓര്‍മ്മിപ്പിക്കുന്നു. മാതൃരാജ്യത്തിനായി സ്വയം ത്യാഗം ചെയ്യാനുള്ള അവരുടെ മനോഭാവം എല്ലാ തലമുറകള്‍ക്കും പ്രചോദനം നല്‍കും,'' എന്ന് മോദി തന്റെ സന്ദേശത്തില്‍ പറഞ്ഞു.

കാര്‍ഗില്‍ വിജയ് ദിവസില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാജ്യത്തിനുവേണ്ടി ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളില്‍ അസാധാരണമായ ധൈര്യവും, മനക്കരുത്തും, ദൃഢനിശ്ചയവും പ്രകടിപ്പിച്ച നമ്മുടെ ധീരജവാന്മാര്‍ക്കു ഞാന്‍ ഹൃദയംഗമമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു എന്ന് രാജനാഥ് സിംഗ് വ്യക്തമാക്കി. ഇന്ത്യന്‍ സൈനികരുടെ വീരോചിതമായ പരിശ്രമങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുസ്മരിച്ചു. ''കാര്‍ഗില്‍ വിജയ് ദിവസ് ദിനത്തില്‍, മാതൃരാജ്യത്തിന്റെ പ്രതിരോധത്തിനായി ആത്യന്തിക ത്യാഗം ചെയ്ത എല്ലാ ധീരരായ വീരന്മാര്‍ക്കും ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. നിങ്ങളുടെ ത്യാഗത്തിനും സമര്‍പ്പണത്തിനും രാഷ്ട്രം എന്നെന്നും കടപ്പെട്ടിരിക്കും'' എന്ന് അമിത് ഷാ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു.

വിജയഗാഥയുടെ 26 വര്‍ഷങ്ങള്‍

ഇന്ത്യന്‍ ചരിത്രത്തിലെ ധീരതയുടെയും ത്യാഗത്തിന്റെയും പ്രതീകമാണ് കാര്‍ഗില്‍ യുദ്ധം. ഓരോ വര്‍ഷവും ജൂലൈ 26, കാര്‍ഗില്‍ വിജയ് ദിവസ് ആയി രാജ്യം ആചരിക്കുമ്പോള്‍, അത് രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. 1999-ല്‍ ജമ്മു കാശ്മീരിലെ കാര്‍ഗില്‍-ദ്രസ് മേഖലയിലെ മഞ്ഞുമൂടിയ കൊടുമുടികളില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തി ഇന്ത്യന്‍ സൈന്യം നേടിയ അവിശ്വസനീയമായ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദിവസം.

1999 മേയ് മാസം. ഹിമാലയന്‍ മലനിരകളിലെ അതിശൈത്യം കാരണം ഇന്ത്യന്‍ സൈനികര്‍ കാര്‍ഗിലിലെ താവളങ്ങള്‍ ഉപേക്ഷിച്ച് താഴേക്കിറങ്ങിയ സമയത്താണ് പാകിസ്ഥാന്‍ സൈന്യം തന്ത്രപരമായി ഈ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയത്. ഇന്ത്യയുടെ സുപ്രധാന സൈനിക താവളങ്ങള്‍ പാക് സൈന്യം കൈവശപ്പെടുത്തി. ഇതാണ് കാര്‍ഗില്‍ യുദ്ധത്തിന് തിരികൊളുത്തിയത്. ആദ്യമൊന്നും നുഴഞ്ഞുകയറ്റത്തിന്റെ വ്യാപ്തി ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണമായി മനസ്സിലായില്ല. പിന്നീട്, പ്രാദേശിക ഇടയന്മാരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ നിര്‍ണ്ണായകമായി.

പാക് നുഴഞ്ഞുകയറ്റം തിരിച്ചറിഞ്ഞ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ''ഓപ്പറേഷന്‍ വിജയ്'' എന്ന പേരില്‍ സൈനിക നീക്കം ആരംഭിക്കുകയും ചെയ്തു. അതിശക്തമായ പോരാട്ടങ്ങള്‍ക്കൊടുവില്‍, ഇന്ത്യന്‍ സൈന്യം പാക് സൈന്യത്തെ തുരത്തി കൈയേറിയ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു. ഈ ധീരമായ വിജയത്തിന്റെ ഓര്‍മ്മയ്ക്കായാണ് എല്ലാ വര്‍ഷവും ജൂലൈ 26 കാര്‍ഗില്‍ വിജയദിനമായി രാജ്യം ആഘോഷിക്കുന്നത്.

ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ ഭൂപ്രകൃതികളിലൊന്നായ കാര്‍ഗിലില്‍ യുദ്ധം ചെയ്യുക എന്നത് ഇന്ത്യന്‍ സൈന്യത്തിന് വലിയ വെല്ലുവിളിയായിരുന്നു. മൈനസ് 10 ഡിഗ്രി സെല്‍ഷ്യസിനും താഴെയുള്ള താപനില, ഓക്‌സിജന്റെ കുറവ്, കുത്തനെയുള്ള ചരിവുകള്‍, പാകിസ്ഥാന്‍ സൈന്യത്തിന്റെ ഉയരത്തിലുള്ള സ്ഥാനങ്ങള്‍ എന്നിവയെല്ലാം ഇന്ത്യന്‍ സൈനികര്‍ക്ക് പ്രതികൂലമായിരുന്നു. മലമുകളില്‍ നിന്ന് ശത്രുക്കള്‍ക്ക് സൈനികരെ എളുപ്പത്തില്‍ ലക്ഷ്യമിടാന്‍ കഴിഞ്ഞു. എന്നാല്‍, ഈ പ്രതിസന്ധികളെല്ലാം ഇന്ത്യന്‍ സൈനികരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നിഷ്പ്രഭമായി.

ഓപ്പറേഷന്‍ വിജയ് നിരവധി ഘട്ടങ്ങളിലൂടെയാണ് മുന്നോട്ട് പോയത്. ഇന്ത്യന്‍ കരസേനയ്ക്ക് വ്യോമസേനയുടെ ''ഓപ്പറേഷന്‍ സഫേദ് സാഗര്‍'' എന്ന വ്യോമാക്രമണ പദ്ധതി വലിയ പിന്തുണ നല്‍കി. മിഗ്-21, മിഗ്-27, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങള്‍ ശത്രുതാവളങ്ങള്‍ തകര്‍ക്കാന്‍ നിരന്തരം ബോംബിംഗ് നടത്തി.

കാര്‍ഗില്‍ യുദ്ധം നിരവധി ധീര ജവാന്മാരുടെ കഥകള്‍ക്ക് സാക്ഷ്യം വഹിച്ചു. അവരുടെ ധൈര്യവും ത്യാഗവും ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതീകമാണ്.

ക്യാപ്റ്റന്‍ വിക്രം ബത്ര: കാര്‍ഗില്‍ യുദ്ധകാലത്ത്, പാക് പട്ടാളം കയ്യേറിയ പോയിന്റ് 5140 തിരികെപ്പിടിക്കാന്‍ നിയോഗിക്കപ്പെട്ടത്, ക്യാപ്റ്റന്‍ വിക്രം ബത്രയുടെ സംഘമാണ്. ''യെ ദില്‍ മാംഗേ മോര്‍'' എന്ന് പ്രഖ്യാപിച്ച ധീരനായ വിക്രം ബത്രയുടെ നേതൃത്വത്തില്‍ 1999 ജൂണ്‍ 20ന് പുലര്‍ച്ചെ 3.30 ഓടെ പോയിന്റ് 5140 തിരിച്ച് പിടിച്ചു.

ജൂലൈ 7ന് പുലര്‍ച്ചെ ബത്രയും സംഘവും ശത്രുക്കളുടെ ശക്തികേന്ദ്രമായ പോയിന്റ് 4875 തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങി. ഇരുവശവും അഗാധഗര്‍ത്തങ്ങള്‍ നിറഞ്ഞ ആ പ്രദേശത്ത് എത്തിച്ചേരാനുള്ള ഏകവഴി ശത്രുക്കളുടെ നിയന്ത്രണത്തിലായിരുന്നു. പക്ഷേ ബത്രയും സംഘവും അവിടെയെത്തി. അഞ്ചു ശത്രുസൈനികരെ ബത്ര ഈ ആക്രമണത്തില്‍ വധിച്ചു. മുറിവേറ്റ ഒരു ഇന്ത്യന്‍ സൈനികനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമ്പോള്‍ ശത്രുക്കളുടെ വെടിയേറ്റ്, ബത്ര വീരമൃത്യു വരിച്ചു. തന്റെ രാജ്യത്തിനുവേണ്ടി പൊരുതി മരിച്ച ബത്രയ്ക്ക് സൈനികബഹുമതിയായ പരം വീര്‍ ചക്ര ലഭിച്ചു.

ലെഫ്റ്റനന്റ് മനോജ് കുമാര്‍ പാണ്ടെ: കാര്‍ഗില്‍ യുദ്ധത്തില്‍ ബടാലിക് മേഖലയില്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സൈനികനാണ് ലെഫ്റ്റനന്റ് മനോജ് കുമാര്‍ പാണ്ടെ. ഖലുബാര്‍ പോരാട്ടത്തില്‍ ധീരമായ നേതൃത്വം നല്‍കുകയും വീരമൃത്യു വരിക്കുകയും ചെയ്ത മനോജ് കുമാര്‍ പാണ്ടെയും പരം വീര്‍ ചക്ര നേടിയ വ്യക്തിയാണ്.

ഗ്രനേഡിയര്‍ യോഗേന്ദ്ര സിംഗ് യാദവ്: കാര്‍ഗില്‍ യുദ്ധത്തിലെ മികച്ച സേവനത്തിന് പരം വീര്‍ ചക്ര ലഭിച്ച യോദ്ധാവാണ് ഗ്രനേഡിയര്‍ യോഗേന്ദ്ര സിങ് യാദവ്. 1999 ജൂലൈ നാലിന് പുലര്‍ച്ചെ ടൈഗര്‍ ഹില്‍സിലെ മൂന്നു ബങ്കറുകള്‍ ഒഴിപ്പിക്കാനുള്ള ചുമതല യോഗേന്ദ്ര സിങ്ങിന്റെ 18ആം നമ്പര്‍ ഗ്രനേഡിയന്‍സിനു ലഭിച്ചു. 16,500 അടി ഉയരത്തിലുള്ള മഞ്ഞുമൂടി കിടക്കുന്ന മലമുകളില്‍ എത്തിച്ചേരുക എന്നത് വളരെ ക്ലേശകരമായിരുന്നു.

ഇതിനിടയില്‍ യോഗേന്ദ്ര സിങ്ങിന്റെ ശരീരത്തില്‍ വെടിയേറ്റു. കഠിനമായ വേദന കണക്കിലെടുക്കാതെ അദ്ദേഹം ബാക്കിയുള്ള 60 അടികൂടി കയറി മലമുകളിലെത്തി. ശത്രു ബങ്കറിലേക്ക് നുഴഞ്ഞു ചെന്ന് അദ്ദേഹം ഗ്രനേഡ് ഉപയോഗിച്ച് നാലു ശത്രുക്കളെ വധിച്ചു. യോഗേന്ദ്രയുടെ ധീരമായ പ്രവൃത്തിയില്‍ പ്രചോദിതരായ ഇന്ത്യന്‍ പട്ടാളം വര്‍ധിച്ച പോരാട്ട വീര്യത്തോടെ യുദ്ധം ചെയ്ത് മൂന്നാമത്തെ ബങ്കറും കീഴടക്കി.

സഞ്ജയ് കുമാര്‍: കാര്‍ഗില്‍ യുദ്ധത്തിലെ ധീരമായ പോരാട്ടത്തെത്തുടര്‍ന്ന് 23ാം വയസ്സില്‍ പരം വീര്‍ ചക്ര ലഭിച്ച പട്ടാളക്കാരനാണ് റൈഫിള്‍മാന്‍ സഞ്ജയ് കുമാര്‍. ഒരു സാധാരണ പട്ടാളക്കാരന്‍ തന്റെ അസാമാന്യമായ പോരാട്ടവീര്യത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പേരില്‍ പരമോന്നത ബഹുമതി നേടിയ ചരിതമാണ് അദ്ദേഹത്തിന്റേത്. ടൈഗര്‍ ഹില്ലിലെ പോരാട്ടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടും ശത്രുക്കളെ തുരത്തി മുന്നേറിയ വ്യക്തി കൂടിയാണ് സഞ്ജയ് കുമാര്‍.

ഇവരെ കൂടാതെ, ക്യാപ്റ്റന്‍ അനുജ് നയ്യാര്‍, ക്യാപ്റ്റന്‍ സൊനം വാങ്ചുക്ക്, മേജര്‍ രാജേഷ് സിംഗ് അധികാരി തുടങ്ങി നിരവധി ധീരര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞു.

ആഴ്ചകള്‍ നീണ്ട കഠിനമായ പോരാട്ടങ്ങള്‍ക്ക് ശേഷം, ഇന്ത്യന്‍ സൈന്യം ഓരോ കൊടുമുടികളും തിരിച്ചുപിടിച്ചു. 1999 ജൂലൈ 26-ന്, ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍-ദ്രസ് മേഖല പൂര്‍ണ്ണമായും പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിച്ചതായി പ്രഖ്യാപിച്ചു. ''ഓപ്പറേഷന്‍ വിജയ്'' വിജയകരമായി പൂര്‍ത്തിയാക്കി. 527 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കാര്‍ഗില്‍ യുദ്ധം ഇന്ത്യയുടെ സൈനിക ശക്തിയുടെയും രാജ്യസ്‌നേഹത്തിന്റെയും ഉത്തമ ഉദാഹരണമാണ്. പ്രതികൂല സാഹചര്യങ്ങളില്‍ പോലും സൈനികര്‍ കാണിച്ച അസാമാന്യ ധൈര്യവും ത്യാഗവും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാനുള്ള കാരണമായി. ഈ യുദ്ധം പാകിസ്ഥാന് ഒരു വ്യക്തമായ സന്ദേശം നല്‍കി  ഇന്ത്യയുടെ അതിര്‍ത്തി ലംഘിക്കാനുള്ള ഏതൊരു ശ്രമത്തെയും ഇന്ത്യന്‍ സൈന്യം ശക്തമായി ചെറുക്കുമെന്ന്.

കാര്‍ഗില്‍ വിജയ് ദിവസ് കേവലം ഒരു വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല, രാജ്യത്തോടുള്ള പ്രതിബദ്ധതയുടെയും ത്യാഗത്തിന്റെയും ദേശീയോദ്ഗ്രഥനത്തിന്റെയും ഒരു പ്രതീകം കൂടിയാണ്.

Kargil Vijay Diwas