പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് ലോക്സഭയുടെ അംഗീകാരം

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങളുടെ ആവര്‍ത്തിച്ചുള്ള ബഹളത്തിനും മുദ്രാവാക്യം വിളികള്‍ക്കും ശേഷം സ്പീക്കര്‍ ലോക്‌സഭ നിര്‍ത്തിവെച്ചു

author-image
Biju
New Update
pm

ന്യൂഡല്‍ഹി: ലോക്സഭാ ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റില്‍ നടത്തിയ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയം പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ പാസാക്കി. 2004-ന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് അംഗീകാരം നല്‍കുന്നത്.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങളുടെ ആവര്‍ത്തിച്ചുള്ള ബഹളത്തിനും മുദ്രാവാക്യം വിളികള്‍ക്കും ശേഷം സ്പീക്കര്‍ ലോക്‌സഭ നിര്‍ത്തിവെച്ചു.

ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കാനെത്തുമെന്ന കണക്കുകൂട്ടലില്‍ പ്രതിപക്ഷം വന്‍ പ്രതിഷേധത്തിനു കോപ്പുകൂട്ടിയിരുന്നു. മോദി സഭയിലേക്കു കടന്നുവരുന്ന ഇടനാഴിയിലേക്ക് കോണ്‍ഗ്രസ് വനിതാഅംഗങ്ങള്‍ ബാനറുമായി നീങ്ങി. ബി.ജെ.പി. അംഗം പി.പി. ചൗധരി നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍ മറ്റു പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഉടന്‍തന്നെ സഭ നിര്‍ത്തിവെക്കുന്നെന്ന് അധ്യക്ഷക്കസേരയിലുണ്ടായിരുന്ന പാനല്‍ അംഗം സന്ധ്യാ റായ് അറിയിക്കുകയായിരുന്നു.

ലോക്സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് സ്പീക്കര്‍ ഓം ബിര്‍ള നന്ദി പ്രമേയം വായിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുന്നതിനിടെ ശബ്ദവോട്ടിലൂടെ പ്രമേയം പാസായി.