/kalakaumudi/media/media_files/2025/02/14/9hepnkSxnbo4Fi2c2WeA.jpg)
Rep. Img.
ഗുവാഹത്തി: മുഖ്യമന്ത്രി രാജിവെച്ചതിന് പിന്നാലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ശക്തമായി എതിര്‍ത്ത് മെയ്‌ത്തേയികള്‍. എന്നാല്‍ കുകികള്‍ക്ക് പ്രതീക്ഷയുടെ കിരണമാണ് രാഷ്ട്രപതി ഭരണത്തിലൂടെ ലഭിക്കുകയെന്ന് ഗോത്രവര്‍ഗവിഭാഗങ്ങള്‍ പ്രതികരിച്ചു.
മുഖ്യമന്ത്രിയെ മാറ്റുന്നതിനേക്കാള്‍ രാഷ്ട്രപതി ഭരണത്തിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്ന് തദ്ദേശീയ ഗോത്രവര്‍ഗ ലീഡേഴ്‌സ് ഫോറത്തിലെ(ഐ.ടി.എല്‍.എഫ്) ഗിന്‍സ വുവാല്‍സോങ് പ്രതികരിച്ചു.
ബിരേന്‍ സിങ്ങിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ബി.ജെ.പിക്ക് ഇതുവരെ സമവായത്തിലെത്താന്‍ സാധിച്ചിട്ടില്ല. മെയ്‌ത്തേയികളില്‍ നിന്ന് ഇനിയൊരു മുഖ്യമന്ത്രിയെ കുക്കികള്‍ക്ക് വിശ്വാസവുമില്ല.-അദ്ദേഹം പറഞ്ഞു.
2023 മേയ് മൂന്നിന് തുടങ്ങിയ വംശീയ കലാപം കൈകാര്യം ചെയ്യുന്നതില്‍ പക്ഷപാത നിലപാടാണ് ബിരേന്‍ സിങ് സ്വീകരിച്ചത്. രാഷ്ട്രപതി ഭരണം വന്നാല്‍ കലാപം വീണ്ടും ഉണ്ടാകാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും വുവാല്‍സോങ് പറഞ്ഞു.
അതേസമയം, തങ്ങളുടെ പ്രതിനിധിയെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്നാണ് മെയ്‌ത്തേയികളുടെ വാദം. അതിനുള്ള നടപടികളാണ് വേണ്ടതെന്നും എം.എല്‍.എമാര്‍ ഉടന്‍ യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണമെന്ന് മെയ്‌ത്തേയികളുടെ നേതാവ് സൊമോരേന്ദ്ര തൊക്‌ചോം ആവശ്യപ്പെട്ടു.
അങ്ങനെ സംഭവിച്ചില്ലെങ്കില്‍എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ കേന്ദ്രത്തിന്റെ സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു. അധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നതാണ് പ്രശ്‌നം. നിലവില്‍ രാഷ്ട്രപതി ഭരണത്തിലാണ് മണിപ്പൂര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിന്റെ അഖണ്ഡത കണക്കിലെടുത്താണ് ബിരേന്‍ സിങ് രാജിവെച്ചതെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് എ ശാരദ ദേവി ചൂണ്ടിക്കാട്ടി.
മണിപ്പൂരില്‍ എന്താണ് വേണ്ടതെന്ന് 20 മാസമായി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു കൊണ്ടിരുന്നത് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നു. 300 പേരുടെ ജീവന്‍ നഷ്ടപ്പെടുകയും 60,000 ആളുകള്‍ കുടിയിറക്കപ്പെടുകയും ചെയ്തതിന് ശേഷമാണ് അത് സംഭവിച്ചത്.-മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.
വ്യാഴാഴ്ചയാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. കലാപകലുഷിതമായ സംസ്ഥാനത്ത് കോണ്‍ഗ്രസ് അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് ബിരേന്‍ സിങ് രാജിവെച്ചത്. ബിരേന്‍ സിങ്ങിനു പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൊതു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പെടുത്താന്‍ ആലോചനയുണ്ടായിരുന്നു. മണിപ്പുരിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് സംബിത് പത്രയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശാരദാദേവിയും ഗവര്‍ണര്‍ അജയ്കുമാര്‍ ഭല്ലയെ കണ്ട് സാഹചര്യങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയുള്ള വിജ്ഞാപനമെത്തിയത്.
ആറുമാസത്തിലൊരിക്കല്‍ സഭാസമ്മേളനം ചേരണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റാനാകില്ലെന്ന ഘട്ടത്തിലാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 12നാണ് ഒടുവില്‍ നിയമസഭ സമ്മേളിച്ചത്. നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 10 മുതല്‍ സഭ സമ്മേളിക്കാനിരുന്നത് ഗവര്‍ണര്‍ അസാധുവായി പ്രഖ്യാപിച്ചിരുന്നു.