/kalakaumudi/media/media_files/2026/02/25/servikkal-2026-02-25-12-44-49.jpg)
ന്യൂഡൽഹി: ഗർഭാശയമുഖ അർബുദം അല്ലെങ്കിൽ സെർവിക്കൽ കാൻസറിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം അവസാനം രാജ്യവ്യാപകമായി 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കാൻ ഒരുങ്ങി കേന്ദ്രം. രാജ്യത്തുടനീളമുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യ കുത്തിവയ്പ്പ് നടത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്.
ഇന്ത്യയിലുടനീളമുള്ള പതിനാല് വയസ് തികഞ്ഞ ഏകദേശം 1.2 കോടി പെൺകുട്ടികൾക്കാണ് കുത്തിവയ്പ്പ് എടുക്കുന്നത്. എല്ലാ വർഷവും സെർവിക്കൽ കാൻസർ പ്രതിരോധത്തിന്റെ ഭാഗമായാണ് 14 വയസ്സ് തികഞ്ഞ പെൺകുട്ടികളെ ലക്ഷ്യമിട്ട് ഈ ക്യാംപെയ്ൻ.
സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രണ്ടാമത്തെ കാൻസർ ആണ് ഗർഭാശയമുഖ അർബുദം അല്ലെങ്കിൽ സെർവിക്കൽ കാൻസർ. ഗർഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന സെർവിക്സിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ കോശവളർച്ചയാണിത്. വിവിധ ഹ്യൂമൻ പാപ്പിലോമ വൈറസുകളാണ് സെർവിക്കൽ കാൻസറിന് കാരണമാകുന്നത്.പ്രതിവർഷം ഏകദേശം 80,000 പുതിയ കേസുകൾക്കും 42,000ലധികം മരണങ്ങൾക്കും ഇത് കാരണമാകുന്നുണ്ട്. പ്രാരംഭലക്ഷണങ്ങൾ പലപ്പോഴും മറ്റ് രോഗങ്ങളാണെന്ന് തെറ്റിദ്ധിരിക്കുകയോ തിരിച്ചറിയാതെ പോവുകയോ ചെയ്യുന്നതാണ് വെല്ലുവിളിയാകുന്നത്.
നേരത്തെ കണ്ടെത്തിയാൽ സെർവിക്കൽ കാൻസർ പൂർണമായും ഭേദമാക്കാൻ സാധിക്കും. 80 ശതമാനം സ്ത്രീകളും രോഗാവസ്ഥ വഷളായ ശേഷമാണ് ചികിത്സ തേടുന്നത്. ഇത് കാൻസർ ചികിത്സയ്ക്ക് വെല്ലുവിളിയാണ്. സെർവിക്കൽ കാൻസർ പ്രതിരോധം, വാക്‌സിനേഷൻ, നേരത്തെയുള്ള സ്‌ക്രീനിങ്, താങ്ങാനാവുന്ന ചികിത്സ എന്നിവയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഗാർഡാസിൽ എന്ന വാക്‌സിൻ, 6, 11 എന്നിവയ്ക്കൊപ്പം 16, 18 എച്ച്പിവി തരങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. 14 വയസ്സ് തികഞ്ഞ പെൺകുട്ടികൾക്ക് പ്രതിവർഷം ഏകദേശം 1.2 കോടി ഡോസുകൾ ആവശ്യമായി വരുമെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
