/kalakaumudi/media/media_files/2025/09/14/modi-2025-09-14-14-59-30.jpg)
കൊല്‍ക്കത്ത: രാജ്യത്തെ പുതിയ തലമുറ (ജെന്‍സി) ബിജെപിയുടെ വികസന മാതൃകയില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നു പ്രതീക്ഷിക്കുന്ന ബംഗാളിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും 3,250 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
രാജ്യത്തുടനീളം ബിജെപിക്കു ലഭിക്കുന്ന സ്വീകാര്യതയെ സൂചിപ്പിക്കാനായി മുംബൈ കോര്‍പറേഷന്‍, തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുകളിലെ നേട്ടങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''മഹാരാഷ്ട്രയിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രവിജയം നേടി. പ്രത്യേകിച്ച്, തലസ്ഥാനമായ മുംബൈയില്‍. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ബിജെപിക്ക് ആദ്യത്തെ മേയറെ ലഭിച്ചു''- പ്രധാനമന്ത്രി പറഞ്ഞു.
ബിജെപിക്ക് വിജയം അസാധ്യമെന്ന് കരുതിയിരുന്ന ഇടങ്ങളില്‍ ഇപ്പോള്‍ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വോട്ടര്‍മാര്‍ക്കും യുവതലമുറയ്ക്കും ബിജെപിയിലുള്ള വിശ്വാസം എത്രത്തോളമുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗാളില്‍ ഭരണ മാറ്റത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായി മാറിയ ബിജെപി ഇത്തവണ ബംഗാളില്‍ അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
