പ്രധാനമന്ത്രിയുടെ പെറ്റുകൂട്ടല്‍ പ്രയോഗത്തിന് പിന്നില്‍

ഇന്ത്യയിലെ മുസ്ലീം സമുദായത്തിലെ ജനസംഖ്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലത്തെ സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. 1951 മുതല്‍ 2011 വരെയുള്ള കാലയളവില്‍ നടന്ന സെന്‍സസുകളില്‍ നിന്ന് ഹിന്ദു-മുസ്ലിം ജനസംഖ്യയിലുണ്ടായ മാറ്റം മനസ്സിലാക്കാവുന്നതാണ്.

author-image
Rajesh T L
New Update
muslim population

muslim population

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഓരോരോ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നരേന്ദ്രമോദി എന്ന ക്രൗഡ് പുള്ളര്‍ തന്റെ പെട്ടിയില്‍ വോട്ട് ശേഖരിക്കാന്‍ ശ്രമിക്കാറുണ്ട്. ഇക്കുറിയും അതേ പതിവ് തെറ്റിച്ചില്ല. പക്ഷെ ഇത്തവണ അത് കുറച്ച് കടന്നുപോയെന്ന് മാത്രം. മതാടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനിടെയാണ് മുസ്ലീം ജനസംഖ്യയിലെ വര്‍ദ്ധനവെന്ന വിവാദ പരാമര്‍ശവുമായി മോദി എത്തിയിരിക്കുന്നത്. രാജ്യം ഏറെ ചര്‍ച്ച ചെയ്യുന്ന ഈ വിഷയത്തിന്റെ യാഥാര്‍ത്ഥ്യമെന്തെന്ന് പരിശോധിക്കേണ്ടതുണ്ട്. 

ഇന്ത്യയിലെ മുസ്ലീം സമുദായത്തിലെ ജനസംഖ്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലത്തെ സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. 1951 മുതല്‍ 2011 വരെയുള്ള കാലയളവില്‍ നടന്ന സെന്‍സസുകളില്‍ നിന്ന് ഹിന്ദു-മുസ്ലിം ജനസംഖ്യയിലുണ്ടായ മാറ്റം മനസ്സിലാക്കാവുന്നതാണ്.

ഇതനുസരിച്ച് 1951-ല്‍ മുസ്ലിം ജനസംഖ്യ 9.8% ആയിരുന്നത് 2011-ല്‍ എത്തുമ്പോഴേക്കും 14.2% ആയി ഉയര്‍ന്നുവെന്നതും, ഇതേ കാലയളവില്‍ ഹിന്ദുക്കളുടെ ജനസംഖ്യ 80.3%ത്തില്‍ നിന്ന് 79.80% ആയി കുറഞ്ഞുവെന്നതും യാഥാര്‍ഥ്യമാണ്. എന്നാല്‍, ഈയൊരു കണക്കുകളെ അടിസ്ഥാനപ്പെടുത്തി വിദൂര ഭാവിയിലെങ്കിലും മുസ്ലിംകള്‍ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യയെ മറികടക്കുമെന്ന് പറയാന്‍ കഴിയുമോ?

ഈയൊരു സന്ദേഹത്തിന് ഉത്തരം കണ്ടെത്താന്‍ രാജ്യത്ത് 1992-93 കാലയളവുതൊട്ട് നടന്ന നാല് ദേശീയ കുടുംബാരോഗ്യ സര്‍വേകള്‍ നല്‍കുന്ന ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും. ജനസംഖ്യാ വളര്‍ച്ചയില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലയളവില്‍ നിന്ന് ഭിന്നമായ പ്രവണതയാണ് ഇന്ത്യയില്‍ കണ്ടുവരുന്നതെന്ന് വിവിധ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. ഈ നൂറ്റാണ്ടിലെ ആദ്യവര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വിവിധ മതങ്ങളുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ ഇടിവ് സംഭവിച്ചതായി കാണാം. 2001-2011 കാലയളവില്‍ ഹിന്ദുക്കള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 19.92 ശതമാനത്തില്‍ നിന്നും 16.76 ശതമാനമയി കുറയുകയുണ്ടായി. ഇതേ കാലയളവിലെ മുസ്ലിം ജസംഖ്യാ വളര്‍ച്ച 29.52 ശതമാനത്തില്‍ നിന്ന് 24.60% ആയും കുറഞ്ഞു. 

2011-21 കാലയളവില്‍ ഹിന്ദുക്കള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 16.76 ശതമാനത്തില്‍ നിന്ന് 15.7 ശതമാനമായും മുസ്ലിംകള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 24.60 ശതമാനത്തില്‍ നിന്ന് 18.2% ആയി കുത്തനെ ഇടിഞ്ഞേക്കാമെന്നാണ് പ്രവചനങ്ങള്‍ (2021ലെ സെന്‍സസ് നടന്നിട്ടില്ലാത്തതിനാല്‍ വളര്‍ച്ചാ പ്രവചനങ്ങളുടെ യാഥാര്‍ഥ്യമെന്തെന്ന് മനസ്സിലാക്കാന്‍ സാധ്യമല്ല). 2031-ലും ജനസംഖ്യാ വളര്‍ച്ചയില്‍ സമാനമായ പ്രവണത തുടരുമെന്ന് ജനസംഖ്യാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മേല്‍പ്പറഞ്ഞ ഏത് കണക്കുകളും പോപ്പുലേഷന്‍ പ്രൊജക്ഷനുകളും പരിശോധിച്ചാലും വിദൂരഭാവിയില്‍പ്പോലും മുസ്ലിംകള്‍ ഹിന്ദുക്കളെ മറികടക്കുമെന്ന വാദത്തില്‍ തരിമ്പുപോലും യാഥാര്‍ഥ്യമില്ലെന്ന് കണ്ടെത്താവുന്നതാണ്.

മുസ്ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വത്തെ ഉയര്‍ത്തിക്കാട്ടുകയും അവര്‍ പന്നികളെപ്പോലെ പെറ്റുകൂട്ടുന്നുവെന്ന് ആരോപിക്കുകയും ചെയ്യുന്നവര്‍ മുസ്ലിങ്ങള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചയിലുണ്ടായ പ്രകടമായ ഈ മാറ്റങ്ങളെ പരിഗണിക്കാന്‍ തയ്യാറല്ലെന്നതാണ് വസ്തുത. ജനസംഖ്യാ വളര്‍ച്ചയില്‍ പുതുതായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവുകളുടെ ശാസ്ത്രീയ കാരണങ്ങള്‍ അന്വേഷിച്ചാല്‍ രണ്ട് സുപ്രധാന ഘടകങ്ങള്‍ കണ്ടെത്താനാകും. അതിലൊന്ന് പ്രത്യുല്‍പ്പാദനക്ഷമതയും മറ്റൊന്ന് വളര്‍ന്നുവരുന്ന മധ്യവര്‍ഗ സ്വഭാവവും ആണ്.

പ്രത്യുത്പാദന ക്ഷമതയില്‍ സംഭവിച്ച മാറ്റങ്ങള്‍ പൊതുവില്‍ ജനസംഖ്യാ വളര്‍ച്ചയില്‍ ഇടിവ് സംഭവിക്കുന്നതിന് കാരണമായിട്ടുണ്ടെന്നത് ജനസംഖ്യാ ശാസ്ത്രത്തെക്കുറിച്ച് ബോധ്യമുള്ളവര്‍ക്ക് അറിയാവുന്ന സംഗതിയാണ്. ഗര്‍ഭധാരണ നിരക്കില്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയില്‍ സംഭവിച്ച മാറ്റങ്ങളും ഇക്കാര്യത്തില്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. പൊതുവില്‍ ഹിന്ദു സ്ത്രീകളെ അപേക്ഷിച്ച് മുസ്ലിം സ്ത്രീകളില്‍ ഗര്‍ഭധാരണ നിരക്ക് കൂടുതലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മുസ്ലിം സ്ത്രീകളിലെ ഗര്‍ഭധാരണ നിരക്ക് 4.3 കുട്ടികള്‍ എന്നായിരിക്കുമ്പോള്‍ ഹിന്ദു സ്ത്രീകളില്‍ അത് 3.3 ആണ്. അതായത് ഇരു സമുദായങ്ങള്‍ക്കും ഇടയിലെ പ്രത്യുല്‍പ്പാദന നിരക്കിലെ വിടവ് 30.3% ആണ് (ദേശീയ കുടുംബാരോഗ്യ സര്‍വ്വേ 1992-93). ജനസംഖ്യാ വളര്‍ച്ചയ്ക്ക് അടിസ്ഥാന കാരണമായി വര്‍ത്തിക്കുന്നത് വരുമാനക്കുറവ്, വിദ്യാഭ്യാസത്തിന്റെ അഭാവം, ദാരിദ്ര്യം എന്നിവയാണെന്നുള്ളതും കാണാവുന്നതാണ്. 

 

loksabha elelction 2024 prime minister narendra modi muslim population