ന്യൂഡൽഹി: ഇസ്രയേൽ – ഹിസ്ബുല്ല യുദ്ധം തുടരുന്നതിനിടെ ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും ചർച്ച ചെയ്തതായി മോദി എക്സിൽ കുറിച്ചു. "ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചു. നമ്മുടെ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ലെന്ന് ഞാൻ പറഞ്ഞു. തടവിലാക്കപ്പെട്ട ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചിട്ടുണ്ട്". എന്ന് മോദി എക്സിൽ കുറിച്ചു.
ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്ന ഘട്ടത്തിലാണ് നെതന്യാഹു – മോദി ചർച്ച നടന്നത്. കഴിഞ്ഞ ദിവസം യെമനിലെ വിമത വിഭാഗമായ ഹൂതികളുടെ തുറമുഖവും ഇസ്രയേൽ ആക്രമിച്ചിരുന്നു. അതേസമയം തെക്കൻ ലബനനിൽ ഇസ്രയേൽ ഉടനെ കരയുദ്ധം ആരംഭിക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 7ന് ഹമാസ് ഭീകരർ ഇസ്രയേലി പൗരൻമാരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മേഖല വീണ്ടും അശാന്തമായത്.