/kalakaumudi/media/media_files/2025/07/26/tamil-2025-07-26-14-43-20.jpg)
ചെന്നൈ : മാലിദ്വീപില്‍ നിന്നും മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തും. തൂത്തുക്കുടിയില്‍ നടക്കുന്ന പൊതുചടങ്ങില്‍ 4800 കോടി രൂപയുടെ രാഷ്ട്ര വികസന പദ്ധതികളുടെ തറക്കല്ലിടല്‍, ഉദ്ഘാടനം, സമര്‍പ്പണം എന്നിവ അദ്ദേഹം നിര്‍വഹിക്കും. തൂത്തുക്കുടി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ഈ ചടങ്ങുകളില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പങ്കെടുക്കില്ല. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ആയതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുച്ചിറപ്പള്ളിയിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തില്‍ നടക്കുന്ന ആദി തിരുവാതിര ഉത്സവത്തിലും മഹാനായ ചോള ചക്രവര്‍ത്തി രാജേന്ദ്ര ചോളന്‍ ഒന്നാമന്റെ ജന്മവാര്‍ഷികാഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. തമിഴ്‌നാട് സന്ദര്‍ശനത്തില്‍ രണ്ട്
പ്രധാന ഹൈവേ പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും.
തൂത്തുക്കുടി വിമാനത്താവളത്തില്‍ 450 കോടി രൂപ ചെലവിലാണ് പുതിയ ടെര്‍മിനല്‍ കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്. ലോകോത്തര വിമാനത്താവള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
17,340 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഈ ടെര്‍മിനലിന് തിരക്കേറിയ സമയങ്ങളില്‍ 1,350 യാത്രക്കാരെയും പ്രതിവര്‍ഷം 20 ലക്ഷം യാത്രക്കാരെയും കൈകാര്യം ചെയ്യാന്‍ കഴിയും. 100 ശതമാനം എല്‍ഇഡി ലൈറ്റിംഗ്, ഊര്‍ജ്ജ-കാര്യക്ഷമമായ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ സംവിധാനങ്ങള്‍, മലിനജല സംസ്‌കരണ പ്ലാന്റിലൂടെയുള്ള ജല പുനരുപയോഗം എന്നിവ ഈ പുതിയ ടെര്‍മിനലിന്റെ സവിശേഷതകളാണ്.