/kalakaumudi/media/media_files/2024/12/19/9AbjmGg4HkxwKoc9HDxJ.jpg)
ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'എയിംസില്‍ പോയി ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധന്‍ഖര്‍ ജിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചുവെന്നും, അദ്ദേഹത്തിന്റെ ആരോഗ്യത്തിനും വേഗത്തില്‍ സുഖം പ്രാപിക്കാനും പ്രാര്‍ത്ഥിക്കുന്നു.'എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. ഇന്ന് പുലര്‍ച്ചെ, നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനെ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ എയിംസിലെ കാര്‍ഡിയോളജി വിഭാഗംമേധാവി ഡോ. രാജീവ് നരംഗിന്റെ മേല്‍നോട്ടത്തില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ (സിസിയു) പ്രവേശിപ്പിക്കുകയായിരുന്നു. 73 കാരനായ ഉപരാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍, ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.