മോദി ഇന്ന് മണിപ്പൂരില്‍; നിര്‍ണായക പ്രഖ്യാപനങ്ങള്‍ കാത്ത് രാജ്യം

പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനം സംസ്ഥാനത്ത് സമാധാനത്തിനും സാധാരണ നിലയ്ക്കും വര്‍ധിച്ചുവരുന്ന വളര്‍ച്ചയ്ക്കും വഴിയൊരുക്കുമെന്നും ചീഫ് സെക്രട്ടറി ഡോ. പുനീത് കുമാര്‍ ഗോയല്‍ പറഞ്ഞു

author-image
Biju
New Update
modi manipur

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. പകല്‍ സംസ്ഥാനത്ത് തങ്ങുന്ന മോദി ചുരാചന്ദ്പുര്‍, കാംഗ്ല, ഇംഫാല്‍ എന്നിവിടങ്ങളില്‍ എത്തും. കലാപത്തെ തുടര്‍ന്ന് കലുഷിതമായ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിച്ചു സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മോദിയുടെ സന്ദര്‍ശനം. 

കലാപത്തിന്റെ ഇരകളെ പ്രധാനമന്ത്രി സന്ദര്‍ശിക്കും. കൂടാതെ, വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. മിസോറാമിലെ ഐസ്വാളില്‍നിന്ന് ഉച്ചയ്ക്ക് 12:30 ഓടെ ചുരാചന്ദ്പുരില്‍ എത്തുന്ന പ്രധാനമന്ത്രി കലാപത്തിന്റെ ഇരകളെ കാണും. തുടര്‍ന്ന് സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന വികസന പദ്ധതികളുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കും. 

ചുരാചന്ദ്പുരിലെ പീസ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയെ മോദി അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് രണ്ടരയോടെ കാംഗ്ലയില്‍ എത്തുന്ന മോദി, താഴ്വരയിലുള്ള കലാപ ബാധിതരെ സന്ദര്‍ശിക്കും. തുടര്‍ന്ന് സംസ്ഥാനത്തെയും പുറത്തെയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യും.

പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനം സംസ്ഥാനത്ത് സമാധാനത്തിനും സാധാരണ നിലയ്ക്കും വര്‍ധിച്ചുവരുന്ന വളര്‍ച്ചയ്ക്കും വഴിയൊരുക്കുമെന്നും ചീഫ് സെക്രട്ടറി ഡോ. പുനീത് കുമാര്‍ ഗോയല്‍ പറഞ്ഞു. കുക്കി വിഭാഗക്കാര്‍ ഭൂരിപക്ഷമുള്ള ചുരാചന്ദ്പുരില്‍ 7300 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് മോദി തറക്കല്ലിടുന്നത്. മെയ്തി ഭൂരിപക്ഷ മേഖലയായ ഇംഫാലില്‍ 1200 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുക.

ചുരാചന്ദ്പുരിലെ പീസ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പേന, വാട്ടര്‍ ബോട്ടില്‍, ബാഗ്, ഹാന്‍ഡ്കര്‍ചീഫ്, ലൈറ്റര്‍, തീപ്പെട്ടി, തുണി, മുര്‍ച്ചയുള്ള വസ്തുക്കള്‍ അല്ലെങ്കില്‍ ആയുധങ്ങള്‍ എന്നിവ കൈവശം വെക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 

12 വയസ്സിന് താഴെയുള്ള കുട്ടികളെയും ആരോഗ്യപ്രശ്നമുള്ളവരെയും ഒപ്പം കൊണ്ടുവരരുതെന്നും നിര്‍ദേശമുണ്ട്. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ചുരാചന്ദ്പുരില്‍ എയര്‍ഗണ്ണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇംഫാല്‍, ചുരാചന്ദ്പുര്‍ ടൗണുകളില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

മെയ്തി, കുക്കി സമുദായങ്ങള്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ വഴിവെച്ച കലാപത്തിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദി സംസ്ഥാനത്ത് എത്തുന്നത്. പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനം വൈകുന്നതിനെതിരെ പ്രതിപക്ഷം രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. 2023 മെയ് മാസം പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 260ലധികം പേരാണ് കൊല്ലപ്പെട്ടത്.

manipur narendra modi