/kalakaumudi/media/media_files/2025/09/13/modi-2025-09-13-14-34-49.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലേഷ്യന്‍ സന്ദര്‍ശനം ഈ മാസം ഏഴ്, എട്ട് തീയതികളില്‍ നടക്കും. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ ക്ഷണപ്രകാരമാണ് ഔദ്യോഗിക സന്ദര്‍ശനം.
2024 ഓഗസ്റ്റില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണ്. സന്ദര്‍ശനവേളയില്‍ മലേഷ്യയിലെ ഇന്ത്യന്‍ സമൂഹവുമായും വ്യവസായ-ബിസിനസ് രംഗത്തെ പ്രമുഖരുമായും അദ്ദേഹം സംവാദം നടത്തും. സന്ദര്‍ശനത്തോടനുബന്ധിച്ച് പത്താമത് ഇന്ത്യ-മലേഷ്യ സിഇഒ ഫോറവും സംഘടിപ്പിക്കുന്നുണ്ട്.
ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ പങ്കിടുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കുകയാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സമുദ്ര സഹകരണം എന്നീ മേഖലകളിലെ സഹകരണം ഇരുനേതാക്കളും അവലോകനം ചെയ്യും.
ഡിജിറ്റല്‍, ഫിനാന്‍ഷ്യല്‍ ടെക്നോളജി, ഊര്‍ജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, സംസ്‌കാരം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ പുതിയ ചുവടുവയ്പ്പുകള്‍ ഈ സന്ദര്‍ശനത്തിലൂടെ പ്രതീക്ഷിക്കുന്നുണ്ട്.2024 ഓഗസ്റ്റില്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ ധാരണകളുടെ തുടര്‍ച്ചയായാണ് ഈ സന്ദര്‍ശനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
