പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒരു രാജ്യം ഒന്നിച്ച് തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്ലിനെ കുറിച്ച് പഠിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയിലേക്കുള്ള (ജെപിസി) കോണ്‍ഗ്രസ് അംഗങ്ങളുടെ പട്ടികയില്‍ പ്രിയങ്ക ഗാന്ധിയും മനീഷ് തിവാരിയുമുണ്ടെന്ന് സൂചന. പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് രണ്‍ദീപ് സിങ് സുര്‍ജേവാലയെയും സുഖ്ദേവ് ഭഗത് സിങ്ങിനെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സാകേത് ഗോഖലെയും കല്യാണ്‍ ബാനര്‍ജിയുമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും ജെപിസി അംഗങ്ങളാവുക. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിന്മേല്‍ മണിക്കൂറുകളോളം രൂക്ഷമായ വാദപ്രതിവാദമാണു നടന്നത്. 269 എംപിമാര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 198 പേര്‍ എതിര്‍ത്തു. തുടര്‍ന്നാണു ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിട്ടത്. പാര്‍ട്ടി വിപ് നല്‍കിയിട്ടും 'ഒരു രാജ്യം ഒന്നിച്ച് തിരഞ്ഞെടുപ്പ്' ബില്‍ അവതരണ സമയത്ത് ലോക്‌സഭയില്‍ 20 ബിജെപി അംഗങ്ങള്‍ ഉണ്ടായിരുന്നില്ല. പങ്കെടുക്കാത്ത അംഗങ്ങള്‍ക്ക് പാര്‍ട്ടി, കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. നിതിന്‍ ഗഡ്ഗരി അടക്കമുള്ള മന്ത്രിമാരും ബില്‍ അവതരിപ്പിക്കുമ്പോള്‍ സഭയിലെത്തിയില്ല.